പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർക്ക് വ്യായാമം അനിവാര്യമാണ്. ഹൃദ്രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അവയുടെ കാഠിന്യം കുറയ്ക്കാനും വ്യായാമത്തിനു കഴിയും. ഹൃദയത്തെ സമ്മർദത്തിലാക്കുന്ന മാനസികപ്രശ്നങ്ങൾ അകറ്റാനും വ്യായാമം മികച്ചതാണ്. ഹൃദ്രോഗമുള്ളവരും വളരെ കാലമായി പ്രമേഹബാധിതരും വ്യായാമപരിപാടി തുടങ്ങുന്നതിനു മുമ്പ് ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുള്ള ടിഎംടി ടെസ്റ്റ് ചെയ്യുക.
ഹൃദ്രോഗമുള്ളവർക്ക് എയറോബിക് വ്യായാമങ്ങളാണ് (എസോടോണിക്) പ്രയോജനകരം. നടത്തം, ഓട്ടം, സൈക്കിളിങ്, നീന്തൽ, ഡാൻസ് എന്നിവ എയ്റോബിക് വ്യായാമങ്ങളാണ്. ഇതിൽ തന്നെ നിഷ്ഠയോടും കൃത്യമായ വേഗതയോടും കൂടിയുള്ള നടപ്പാണ് ഏറ്റവും അനുയോജ്യം. വ്യായാമം ശരീരത്തിന്റെ ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതു കൊണ്ട് ധാരാളം കാലറിയും ചെലവാക്കപ്പെടുന്നു.
അമിതഭാരം ഉയർത്തുക തുടങ്ങിയ ശാരീരിക ശക്തി വളരെയേറെ വേണ്ടി വരുന്ന അനെയ്റോബിക് വ്യായാമങ്ങൾ (എസോമെട്രിക്) ഹൃദയത്തിന് അപകടകാരികളാണ്. ദിവസം അരമണിക്കൂറെങ്കിലും വ്യായമത്തിനായി നീക്കി വയ്ക്കണം. വ്യായാമം ആദ്യമായി ചെയ്യുന്ന വ്യക്തി ആദ്യദിനം തന്നെ ഒരു മണിക്കൂർ കഠിന വ്യായാമങ്ങൾ ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക