ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നും പ്രതിദിന മെഡിക്കല്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം.
‘കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകുന്നു. ഓക്സിജന്‍ ക്ഷാമം സംസ്ഥാനത്ത് ഗുരുതരമാണ്. പഞ്ചാബിനായുള്ള മെഡിക്കല്‍ ഓക്സിജന്‍ ക്വാട്ട എത്രയും പെട്ടെന്ന് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആരോഗ്യമന്ത്രി ഹര്ഷവര്ധനോടും അപേക്ഷിക്കുകയാണ്,’ സിംഗ് ട്വിറ്ററിലെഴുതി.
പഞ്ചാബില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 6980 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 76 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്.
നിലവില്‍ അമ്പതിനായിരത്തിലധികം രോഗികള്‍ പഞ്ചാബില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ലുധിയാനയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക