പൊലീസ് സേനാംഗങ്ങളില്‍ കോവിഡ് രോഗം പടരുന്നു. 1259 പൊലീസുകാര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ പലരും വീടുകളില്‍ തന്നെ കഴിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഞായറാഴ്ച അവധി ദിനത്തില്‍ 16,878 പോലീസുകാരെയും ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 25,000 പേരെയും നിരത്തില്‍ നിയോഗിച്ചു. അതേസമയം അവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പൊലീസുകാര്‍ക്ക് പ്രത്യേക സിഎഫ്എല്‍ടിസി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ സിഎഫ്എല്‍ടിസി സൗകര്യം ഒരുക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഒന്നാം തരംഗത്തില്‍ രോഗം പടരാതെ നോക്കുകയും രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരില്‍ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതില്‍ നിലനിര്ത്താനുമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക