കോവിഡ് രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായി തുടരുമ്പോള്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെല്ലാം സ്വന്തം വീടുകളിലാണ് കഴിയുന്നത്. സാധാരണ ഗതിയില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ പത്താം ദിവസത്തോടെ കോവിഡ് നെഗറ്റീവാകാറുണ്ട്.
പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള റിവേഴ്സ് ക്വാറന്റീനാണുള്ളത്. കോവിഡ് നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കുമെന്നതിനെ കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം പതിവിലും കൂടുതലായതിനാല്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അണുനശീകരണത്തിനായി എല്ലായിടത്തും ഒരുപക്ഷേ എത്തിച്ചേരാനും കഴിയാറില്ല. ഇങ്ങനെയുള്ള ഒരു ഘട്ടം വന്നാല്‍ വീട് എങ്ങനെ അണുവിമുക്തമാക്കാം?
അണുനശീകരണത്തിന് എന്തെല്ലാം ഉപയോഗിക്കാം?
സാധാരണ വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഡെറ്റോള്‍ പോലുള്ള അണുനാശിനിയോ എന്തും കോവിഡിന് ശേഷമുള്ള വീട് വൃത്തിയാക്കലിന് ഉപയോഗിക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത് സോപ്പ് വെള്ളത്തിനൊപ്പം സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേര്‍ത്തുള്ള വൃത്തിയാക്കലാണ്.
പൊടി തുടയ്ക്കുന്ന മോപ്പോ, നനച്ച് തുടയ്ക്കുന്ന മോപ്പോ ആണ് ചൂലിന് പകരം ഉപയോഗിക്കേണ്ടത്. അണുനശീകരണം നടത്തുന്ന റൂമിലെ ജനാലകള്‍ പൂര്‍ണമായും കാറ്റും വെളിച്ചവും കയറാന്‍ പാകത്തിന് തുറന്നിടാന്‍ ശ്രദ്ധിക്കണം.
എങ്ങനെ വൃത്തിയാക്കണം?
മൂന്ന് ബക്കറ്റുകളിലായി ശുദ്ധജലം, സോപ്പുപൊടി കലക്കിയ ചൂടുവെള്ളം, സോഡിയം ഹൈപ്പോക്ലോറൈറ്റ് ചേര്‍ത്ത വെള്ളം എന്നിവ എടുത്ത് വയ്ക്കണം. ആദ്യം സോപ്പ് പൊടി കലക്കി വച്ച ചൂടുവെള്ളത്തില്‍ മോപ്പ് മുക്കി നിലം തുടയ്ക്കണം. വെള്ളം നേരിട്ട് തറയില്‍ കോരി ഒഴിക്കാതെ മോപ്പ് നനച്ച് വേണം തുടയ്ക്കാന്‍.
ഇതിന് ശേഷം സാധാരണ വെള്ളത്തില്‍ മോപ്പ് മുക്കി മുറി തുടയ്ക്കാം. ഇത് ഉണങ്ങിയ ശേഷമാണ് സോഡിയം ഹൈപ്പോക്ലോറൈറ്റ് കലക്കിയ വെള്ളം ഉപയോഗിക്കേണ്ടത്. ശുചിമുറികളും വീടിനുള്ളിലെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങളും വാതില്‍പ്പിടികളും ഇതേ രീതിയില്‍ അണുനശീകരണം നടത്താം.
ലൈറ്റ് , സ്വിച്ച് തുടങ്ങിയവ വൃത്തിയാക്കുമ്പോള്‍ നനഞ്ഞ തുണി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൃത്തിയാക്കലിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗ്ലൗസും സാധ്യമെങ്കില്‍ ഫെയ്സ് ഷീല്‍ഡും ധരിക്കുക. കൈകാലുകളില്‍ അണുനാശിനി നേരിട്ട് പതിക്കാതിരിക്കാനുള്ള മുന്‍ കരുതലുകളും സ്വീകരിക്കണം. അണുനശീകരണം ഇനി സ്വയം നടത്താം. വേണ്ടി വന്നാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക