രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനായി കഴിക്കുന്ന മരുന്നുകൾ കോവിഡ് കാരണം മരണപ്പെടാനുള്ള സാധ്യത കുറക്കും എന്ന് പുതിയ പഠനം.
സാൻഡിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കൊളസ്ട്രോൾ കുറക്കുന്നതിനായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ വിഭാഗത്തിൽപെട്ട മരുന്നുകൾ കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത 41 ശതമാനമായി കുറക്കും എന്ന് പഠനം വ്യക്തമാക്കുന്നു.
കരളിലുള്ള കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്ന എൻസൈമുകളെ തടയുകയാണ് സ്റ്റാറ്റിൻ വിഭാഗത്തിലുള്ള മരുന്നുകൾ ചെയ്യുന്നത്. അമേരിക്കയിലെ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എസ്റ്റിമേറ്റിന്റെ കണക്ക് പ്രകാരം 93 ശതമാനം ആളുകളും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി സ്റ്റാറ്റിൻ വിഭാഗത്തിൽപെട്ട മരുന്നുകളാണ് ഉപയോഗിക്കുന്നത്.
ഹൃദയ സബന്ധമായ പ്രശ്നങ്ങളോ ഹൈപ്പർ ടെൻഷനോ ഉള്ളവരിൽ കോവിഡ് കാരണമുള്ള മരണം 31 ശതമാനം കുറക്കാൻ സ്റ്റാറ്റിൻ അല്ലെങ്കിൽ ആന്റി ഹൈപ്പർ ടെൻഷൻ മരുന്നുകൾക്ക് കഴിയും എന്നും പഠനത്തിൽ പറയുന്നു. ഈ മരുന്നുകൾ എന്തിനാണോ കുറിച്ച് നൽകുന്നത് ആ ധർമ്മം കൃത്യമായി വഹിക്കുന്നത് കൊണ്ടാണ് കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത കുറക്കുന്നത് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വിശദീകരിച്ചു.
പ്ലോസ് വൺ എന്ന ജേണലിലാണ് ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ജനുവരി മുതൽ സെപ്തംബർ വരെയുള്ള 9 മാസക്കാലത്ത് കോവിഡ് ബാധിച്ച 10,541 രോഗികളുടെ വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. അമേരിക്കയിലെ 104 വ്യത്യസ്ഥ ആശുപത്രികളിൽ ചികിൽസ തേടിയ ആളുകളുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലഭിച്ച വിവരങ്ങളിൽ നിന്നും നിലവിൽ രോഗങ്ങൾ ഉള്ളവർ, സാമൂഹിക പശ്ചാത്തലം, ആശുപത്രിയിലെ സജ്ജീകരണങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് വിശകലനം നടത്തിയത് എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവ്വകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിനിലെ ഹൃദ്രോഗ- ഐസിയു വിഭാഗം ഡയറക്ടറും പ്രഫസറുമായ ലോറി ഡാനിയേൽ പറഞ്ഞു.
”സ്റ്റാറ്റിൻ വിഭാഗത്തിൽ പെട്ട മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ കോവിഡ് ബാധിച്ച് ഗുരുതരമായി ആശുപത്രിയിൽ പ്രവേശിച്ചവരുടെ മരണങ്ങൾ കുറക്കാൻ സാധിച്ചു എന്നാണ് ഗവേഷണത്തിലെ പ്രധാന കണ്ടെത്തൽ. നിരീക്ഷണം നടത്തിയുള്ള എല്ലാ പഠനങ്ങളെയും പോലെ സ്റ്റാറ്റിൻ മരുന്നുകളുടെ ഉപയോഗം മാത്രമാണ് കോവിഡ് മരണ സാധ്യത കുറച്ചത് എന്ന് ഉറപ്പിച്ച് പറയാനാകില്ല. പക്ഷെ ഈ മരുന്നുകൾ രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിന് പ്രധാന പങ്കു വഹിച്ചു എന്ന് ഇതിലൂടെ വ്യക്തമാണ്” ലോറി ഡാനിയേൽ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക