വിവിധ തരത്തിലുള്ള കൃഷികൾ ചെയ്യുന്ന ആളുകളാണ് മിക്കവരും. എന്നാൽ കൃഷി ചെയ്യുന്ന ശരിയായ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭൂരിഭാഗം ആളുകൾക്കും അറിയില്ല. കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വിത്ത് ശേഖരണം
ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാമത്തെയോ ഫലം വിത്തിനായി തെരഞ്ഞെടുക്കണം. നടാനുള്ള വിത്തുകൾ ശേഖരിക്കുമ്പോൾ നന്നായി മൂത്തതു വേണം ശേഖരിക്കേണ്ടത്.
തൈകൾ നടുന്ന സമയം : വെയിൽ കുറഞ്ഞ സമയത്താണ് തൈകൾ പറിച്ച് നടേണ്ടത്. വൈകുന്നേരങ്ങളിൽ നടുന്നതാണ് ഏറ്റവും നല്ലത്.
വിത്ത് നടുന്ന ആഴം : വിത്ത് നടാനുളള കുഴിയെടുക്കുമ്പോൾ ശ്രദ്ധിക്കണം. ആഴത്തിലാണ് വിത്ത് നടേണ്ടത്
ചെടികളുടെ അകലം : കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളർച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി എന്നിവയെ ആശ്രയിച്ച് അകലം കണക്കാക്കാം. കുറ്റി പയർ ഇനങ്ങൾ 25 ; 15 സെമീ അകലവും പടരുന്ന വള്ളിപ്പയർ ഇനങ്ങൾ തമ്മിൽ രണ്ട് മീറ്റർ അകലവും ആകാം.
വിത്തുകൾ നടുന്നതിനുളള മുന്നൊരുക്കം: വെണ്ട, പയർ, പാവൽ, പടവലം, മത്തൻ. ചുരയ്ക്ക തുടങ്ങിയ വിത്തുകൾ നടുന്നതിനു രണ്ട്- മൂന്ന് മണിക്കൂർ എങ്കിലും സ്യൂഡോമോണസ് ലായനിയിൽ കുതിർത്ത് വെക്കണം. വിത്തുകൾ കരുത്തോടെ മുളച്ച് വരാൻ ഇത് സഹായിക്കുന്നു.
തടത്തിലെ മണ്ണ് മണ്ണിടലും ഇളക്കലും: ഫോർക്ക് ഉപയോഗിച്ച് മൂന്നാഴ്ച്ചയിൽ ഒരിക്കൽ പച്ചക്കറികളുടെ വേര് മുറിയാതെ മണ്ണിളക്കി കൊടുക്കണം. ഇത് വേരിനെ വളവും വെള്ളവും വലിച്ചെടുക്കാൻ സഹായിക്കും. കൂടാതെ പച്ചക്കറികൾക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നൽകുന്നതു ചെടികൾ വീണു പോകാതിരിക്കാനും വിളവിനും ഗുണകരമാണ്.
കള പറിക്കൽ: പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയത്ത് പറിക്കണം. പറിച്ച കളകൾ തടത്തിൽ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണിൽ ഈർപ്പം, വായുസഞ്ചാരം, ജൈവാംശം എന്നി നിലനിൽക്കാൻ ഇതു സഹായിക്കുന്നു.
വളപ്രയോഗവും കീടനിയന്ത്രണവും: വളങ്ങൾ പരമാവധി പൊടിച്ചോ, വെള്ളത്തിൽ കലക്കിയോ മണ്ണിൽ ചേർക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ വളങ്ങൾ മണ്ണിൽ അലിഞ്ഞു അവ വേരുകൾ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിലാണ് ചെയ്യുന്നതാണ് നല്ലത്.
വെള്ളം എപ്പോൾ: മണ്ണിന്റെ ഘടന, കാലാവസ്ഥ, എന്നിവ അനുസരിച്ച് നനക്കുന്നതിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരൽ കൂടുതലുള്ള മണ്ണിൽ ഈർപ്പം നിലനിർത്താൻ കൂടുതൽ തവണ നനയ്ക്കണം. ചെടികൾ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നനച്ചാൽ മതി. പൂവിട്ട് കായഫലമായി തുടങ്ങിയാൽ ഒരോ ദിവസവും നനയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക