അബുദാബി: ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് നിലവിൽ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു.
യുഎഇയിൽ വാക്സിനെടുത്തവർക്ക് മാത്രമേ ഇപ്പോൾ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികൾ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളിൽ സിനോഫാം, ആസ്ട്രസെനിക, മൊഡേണ, സ്പുട്നിക്, ഫൈസർ ബയോഎൻടെക് എന്നീ വാക്സിനുകൾ എടുത്തവർക്കും പ്രവേശന അനുമതിയില്ല.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകൾക്ക് വിധേയമായി യുഎഇയിലേക്ക് വരാനുള്ള അനുമതി ലഭിച്ചത്. ഇന്ത്യയിൽ നിന്ന് യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് മടങ്ങിപ്പോകാനാകുമോ എന്ന വിവരം അന്വേഷിച്ച് നിരവധിപ്പേരാണ് വിമാനക്കമ്പനികളെ സമീപിച്ചത്. സോഷ്യൽ മീഡിയ വഴി ലഭിച്ച ഇത്തരത്തിലെ അന്വേഷണങ്ങൾക്ക് മറുപടിയായാണ് അധികൃതർ വിശദീകരണം നൽകിയത്.
യുഎഇയിൽ വെച്ചുതന്നെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് യുഎഇയിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് നലവിൽ പ്രവേശന അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക