ഐപിഎല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തില്‍ കെകെആര്‍ അവതരിപ്പിച്ച വെങ്കടേഷിന്റെ പ്രകടനത്തെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ.
‘ഈ സീസണിലെ ഐപിഎല്ലിലെ വലിയ നേട്ടങ്ങളായി ഞാന്‍ കാണുന്നത് ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത വെങ്കടേഷ് അയ്യരെപ്പോലെയുള്ളവരാണ്. മധ്യപ്രദേശിനു വേണ്ടി വെങ്കടേഷ് കളിക്കുന്നത് ഞാന്‍ നേരത്തേ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി ഐപിഎല്ലില്‍ ബാറ്റ് ചെയ്യുന്ന അതേ ശൈലിയിലാണ് അവന് കളിച്ചിരുന്നത്. പക്ഷെ ഐപിഎല്ലില്‍ ഇത്രയും വലിയ വിജയമായി വെങ്കടേഷ് മാറുമെന്ന് എനിക്കു തോന്നിയിരുന്നില്ല.’
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരം കൂടിയാണ് വെങ്കടേഷ് അയ്യര്‍. കാരണം ബോള്‍ ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. കഴിഞ്ഞ അഞ്ച്- ഏഴ് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് നേരിടുന്ന പ്രശ്നമാണിത്. ടോപ്പ് ഫൈവില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന, ബോളിംഗും അറിയാവുന്ന ഒരാളെ തിരയുകയാണ് ഇന്ത്യ. അതിനുള്ള ഉത്തരം കൂടിയാണ് വെങ്കടേഷ് അയ്യര്‍. ടീമിന്റെ ബാറ്റിംഗിനും ഇതോടെ ആഴം കൂടുകയും ചെയ്യും’ അജയ് ജഡേജ പറഞ്ഞു.
അടിസ്ഥാനവിലയായ 20 ലക്ഷത്തിന് കെകെആര്‍ സ്വന്തമാക്കിയ താരമാണ് വെങ്കടേഷ്. കെകആറിനായി ഈ സീസണില്‍ ആറ് മത്സരത്തില്‍ നിന്ന് 48.25 ശരാശരിയില്‍ 201 റണ്‍സാണ് താരം നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. മൂന്ന് വിക്കറ്റും താരത്തിന് വീഴ്ത്താനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക