ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടുവാൻ സാധിക്കില്ലെന്നും താരപദവിയെ പുനർനിർവചിക്കുന്ന നടനാണ് സൂര്യയെന്നും സംവിധായകൻ വെട്രിമാരൻ. ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് നടനെ പിന്തുണച്ച് സംവിധായകൻ രംഗത്ത് വന്നത്. ചിത്രത്തിൽ കഥാപാത്രം രാജാക്കണ്ണിനെ പീഡിപ്പിക്കുന്ന പോലീസുകാരനെ മനഃപൂർവ്വം വണ്ണിയാർ ജാതിയിൽ ഉൾപ്പെട്ടയാളാക്കി അവതരിപ്പിച്ചു എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വണ്ണിയാർ സമുദായത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്ന് കാണിച്ച് വണ്ണിയാർ സംഘം ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ നോട്ടീസ് അയച്ചിരുന്നു.
ചിത്രത്തിന്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിഷയകൻ ടി.ജെ ജ്ഞാനവേലിനുമാണ് കഴിഞ്ഞ ദിവസം ഇവർ നോട്ടീസ് നൽകിയത്. തുടർന്നാണ് സൂര്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായകൻ വെട്രിമാരൻ രംഗത്ത് വന്നത്. ഇരകളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിനു വേണ്ടി സിനിമ ചെയ്യാനുള്ള സംവിധായകന് ജ്ഞാനവേലിന്റെ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള സ്ക്രീനിലും പുറത്തും സൂര്യ നടത്തുന്ന നിരന്തര പരിശ്രമവും ശരിക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യയ്ക്കൊപ്പവും ജയ് ഭീം സിനിമയുടെ മുഴുവൻ ടീമിനൊപ്പവും നിലക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക