തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന് കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 10 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
ഒമിക്രോൺ കേസുകളുയരുന്ന സാഹചര്യത്തിൽ ഓരോരുത്തരും സ്വയം പ്രതിരോധത്തിന് വേണ്ടി മാസ്ക്കുകൾ ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ക്രിസ്മസ് ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ആഘോഷങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക