ലഹരിക്കേസിൽ അറസ്റ്റിലായത് മുതൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വാർത്തകളിലുണ്ട്. എന്നാൽ ആര്യന്റെ കഷ്ടകാലം ഇനിയും തീർന്നിട്ടില്ല എന്ന തരത്തിലാണ് ചില വാർത്തകൾ പുറത്തു വരുന്നത്.
യുഎസിൽ മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ പൊതു ഇടത്ത് മൂത്രമൊഴിക്കുന്നതിനെ പൊലീസ് ചോദ്യം ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അത് ആര്യൻ ഖാൻ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു.
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആര്യൻ ഖാന്റെ വിഡിയോ എന്ന തരത്തിലാണ് പലയിടത്തും പങ്കുവെച്ചത്. എന്നാൽ വിഡിയോയിലുള്ളത് ആര്യൻ ഖാൻ അല്ല എന്നതാണ് സത്യം.
പ്രചരിച്ച വാർത്തകളെല്ലാം തെറ്റും അടിസ്ഥാനമില്ലാത്തതുമായിരുന്നു. ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് റിപ്പോർട്ട് പ്രകാരം വൈറല്‍ വിഡിയോയിലുള്ളത് കനേഡിയൻ നടനായ ബ്രോൺസൺ പെലറ്റിയറാണ്.
ട്വൈലൈറ്റ് സാഗാ സീരീസിൽ ജറെദ് കാമറൂണായി വേഷമിട്ട നടനാണ് പെലറ്റിയർ. സംഭവം നടന്നത് 2012–ലാണ്. ലോസ് ആഞ്ചൽസ് എയർപോർട്ടിൽ വച്ച് മദ്യപിച്ച് ലക്കുകെട്ടെത്തിയ നടൻ പൊതുയിടത്ത് മൂത്രവിസർജനം നടത്തുകയായിരുന്നു.
അന്ന് താരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാപ്പ് നൽകി വിട്ടയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക