ഇന്ത്യൻ ടീമിന് വേണ്ടി ലോക ശരീര സൗന്ദര്യ മത്സരത്തിൽ തിളങ്ങാൻ ഷിനു ചൊവ്വ തയ്യാറെടുക്കുകയാണ്. മെൻസ് ഫിസിക് വിഭാഗത്തിലാണ് കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരി സ്വദേശിയായ ഷിനു ചൊവ്വ ഇന്ത്യൻ ടീമിന് വേണ്ടി മാറ്റുരക്കുക.തായ്ലന്റിൽ നടക്കാനിരിക്കുന്ന ലോക ശരീര സൗന്ദര്യ മത്സരത്തിലും മാൽഡവീസിൽ നടക്കുന്ന ഏഷ്യൻ ശരീര സൗന്ദര്യ ചാമ്പ്യൻ ഷിപ്പിലും വീണ്ടും ഷിനു ചൊവ്വ മത്സരിക്കും.ഹിമാചൽ പ്രദേശിൽ നടന്ന സെലക്ഷൻ ട്രയലിലാണ് ഷിനു തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കേരളത്തിന്റെ തന്നെ അഭിമാന താരമായി മാറുകയാണ് ഷിനു.
കോവിഡ് കാലത്ത് ഉണ്ടായ പ്രതിസന്ധികൾ കാരണം കഴിഞ്ഞ തവണ മത്സരത്തിൽ പങ്കെടുക്കാൻ ഷിനുവിന് സാധിച്ചിരുന്നില്ല.അഞ്ച് അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കിയ ഷിനു ഏറ്റവും കൂടുതൽ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി, ഏറ്റവും കൂടുതൽ മെഡലുകൾ വാങ്ങിയ മലയാളി എന്നീ റെക്കോർഡുകളും കരസ്ഥമാക്കിയിട്ടുണ്ട് .
ഇത്തവണയും ഇന്ത്യയ്ക്ക് വേണ്ടി ഗോദയിൽ ഇറങ്ങി തന്റെ വിജയലക്ഷ്യം പൂർത്തിയാക്കാൻ ഉള്ള കഠിന പരിശ്രമത്തിലാണ് ഷിനു ചൊവ്വ. ലോക ശരീരസൗന്ദര്യ മത്സരം നവംബറിലും, ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജൂലൈയിലും ആണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക