20 മുതൽ 25 വയസ്സിനുള്ളിൽ സ്ത്രീകളുടെ വിവാഹം കഴിഞ്ഞിരിക്കണം എന്ന ചിന്തയിൽ നിന്നും മലയാളികളിൽ ഭൂരിഭാഗം ആളുകളും ഇന്നും മോചിതരായിട്ടില്ല. അത് കൊണ്ട് തന്നെ വിദ്യാഭാസമോ കരിയറോ നോക്കാതെ 20 കളുടെ തുടക്കത്തിൽ തന്നെ പല പെൺകുട്ടികളും വിവാഹം, കുടുംബജീവിതം എന്നൊക്കെയുള്ള ഭാരിച്ച ഉത്തരവാദിത്വത്തിലേക്ക് തള്ളിയിടപ്പെടുകയാണ്, ചില സ്ത്രീകൾ സ്വയം അത് തിരഞ്ഞെടുക്കുന്നുണ്ട് താനും. ഇത്തരത്തിൽ വിദ്യാഭാസവും കരിയറും പാതിവഴിയിൽ ഉപേക്ഷിച്ച് വിവാഹിതരാകുന്ന 90 ശതമാനം സ്ത്രീകളും വലിയ മാനസിക സംഘർഷങ്ങളാണ് തങ്ങളുടെ ജീവിതത്തതിൽ നേരിടുന്നതെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
സ്വന്തമായി വരുമാനം ഇല്ലാതെ വിവാഹിതരാകുന്ന സ്ത്രീകളുടെ സ്വാതന്ത്രത്തിന് ഒരുപാട് പരിധികൾ ഉണ്ടായിരിക്കും. എന്തിനും ഏതിനും ഭര്‍ത്താവിനോടോ ചിലപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് തന്നെയോ അനുവാദം ചോദിക്കേണ്ട അവസ്ഥ അത്ര സുഖമുള്ള കാര്യമല്ല. തീരെ ചെറുപ്പത്തില്‍ വിവാഹിതരായ ശേഷം ജോലിക്ക് പോകുന്ന സ്ത്രീകളില്‍ പോലും മാനസികമായ ഒരു അടിമത്വം ഭര്‍ത്താവിനോട് കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ജോലി മാത്രമല്ല ഇവിടെ വിഷയം. തന്റെ സ്വത്വം തിരിച്ചറിയുകയും അതില്‍ അഭിമാനിക്കാനുള്ള അവസരം ഉണ്ടാവുകയുമാണ്. മാത്രവുമല്ല വിവാഹം എന്ന പ്രധാനപ്പെട്ട കടമ്പയിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് തന്നെ സ്ത്രീകൾ മാതാപിതാക്കളിൽ നിന്ന് പോലും കുറച്ച് കാലം സ്വതന്ത്രയായി ജീവിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കുടുംബജീവിതം എന്ന പ്രധാന ഘടകത്തെ വിജയകരമായി സ്ത്രീകൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനൊക്കെ സാമ്പത്തിക സ്വാതന്ത്ര്യം വളരെയധികം സഹായകമാകുന്നു.
ജീവിതം സ്വയം അനുഭവിച്ചറിയേണ്ട ഒരു പാഠമാണ്. മറ്റുള്ളവര്‍ എത്ര പഠിപ്പിക്കാന്‍ ശ്രമിച്ചാലും അനുഭവിച്ചറിഞ്ഞ് മനസ്സിലാക്കിയില്ലെങ്കില്‍ അതിന് നമ്മുടെ ജീവിതത്തിൽ ഒരു വിലയുമുണ്ടാകില്ല. മറ്റുള്ളവരുടെ സംരക്ഷണയില്‍ എന്നും ജീവിക്കുന്നവര്‍ക്ക് തെറ്റുകള്‍ തിരുത്താനുള്ള അവസരം ലഭിക്കാറില്ല. എല്ലായ്പോഴും അവരെ പിന്തുണക്കാനും സഹായിക്കാനും ചുറ്റും ആളുകളുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഇവര്‍ കൈ വിട്ടാല്‍ പിന്നെ ജീവിതം അവസാനിച്ചെന്ന പ്രതീതിയാകും അവര്‍ക്കുണ്ടാകുക. അതാണ് ഇന്നത്തെ പല വിവാഹബന്ധങ്ങളും ചെറിയ പ്രശ്നങ്ങളുടെ പേരിൽ തന്നെ അവസാനിച്ചു പോകുന്നത്. പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുപോലും അറിയാതെ ഒരു വിവാഹത്തിലേക്ക് എടുത്തു ചാടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
മുപ്പത് വയസ്സ് കഴിയുന്നതോടെ നിങ്ങൾ പക്വത ഉള്ള ഒരു സ്ത്രീയായി മാറിയിരിക്കും. ഈ പ്രായത്തിനിടയിൽ നിരവധി കാര്യങ്ങൾ മനസിലാക്കാനും പുറമെ കാണുന്ന വര്‍ണശബളത മാത്രമല്ല ജീവിതം എന്നും നിങ്ങൾ മനസ്സിലാക്കും. ക്ഷമ നിങ്ങളുടെ സ്വഭാവത്തിൽ വേരുറപ്പിച്ചിരിക്കും.നിങ്ങൾ കരിയറിൽ എന്തെങ്കിലുമൊക്കെ നേടിയെടുത്തിട്ടുണ്ടാകും. ഇതെല്ലാം നിങ്ങളുടെ കുടുംബജീവിതത്തിലും വലിയ ഗുണങ്ങൾ ചെയ്യും. ഇക്കാരണങ്ങളാൽ തന്നെ തന്നെ ക്ഷമയും ചിന്താശേഷിയും സ്ഥിരപ്പെടുന്ന മുപ്പതുകളുടെ തുടക്കകാലത്ത് നിങ്ങള്‍ക്ക് ജീവതപങ്കാളിയെ തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക