ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. ആഗോളതലത്തില്‍ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന രോഗമാണ് ടൈപ്പ് 2 പ്രമേഹം . 2045ഓടെ ഇത് 683 മില്യണ്‍ ആളുകളെ ബാധിക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുമൂലം ഹൃദയാഘാതം, സ്ട്രോക്ക്, കാഴ്ച നഷ്ടപ്പെടല്‍, വൃക്ക തകരാര്‍, അവയവങ്ങള്‍ നീക്കം ചെയ്യൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാന്‍ ഇടയാക്കും. ഇതുസംബന്ധിച്ച് 27 പരീക്ഷണങ്ങളുടെ മെറ്റാ അനാലിസിസ് അടിസ്ഥാനമാക്കിയുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം ജേണലിലാണ്. ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
എന്നാല്‍, ഗ്രീന്‍ ടീ കുടിക്കുന്നത് ഭക്ഷണത്തിന് മുമ്പുള്ള ഇന്‍സുലിന്റെ അളവിനെയോ HbA1c നെയോ കാര്യമായി ബാധിച്ചിട്ടില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് അളക്കുന്ന ഒരു പരിശോധനയാണിത്. 2194 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ചൈനയിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നുള്ള ഒരു സംഘം 27 പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചു.
എന്നാൽ, ഗ്ലൈസെമിക് നിയന്ത്രണത്തില്‍ (glycemic control) ഗ്രീന്‍ ടീയുടെ ഫലങ്ങള്‍ വിലയിരുത്തുന്ന ദീര്‍ഘകാല പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് സംഘം പറഞ്ഞു. കാമെലിയ സിനെന്സിസിന്റെ ഇലകളില്‍ നിന്നാണ് ഗ്രീന്‍ ടീ ഉത്പാദിപ്പിക്കുന്നത്. പ്രത്യേകിച്ച്, ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷണത്തിലും ഔഷധങ്ങളിലും ഗ്രീന്‍ ടീ ധാരാളം ഉപയോഗിക്കുന്നുണ്ട്. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, പോളിഫെനോള്‍സ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം തടയുന്നതിന് ഉപയോഗപ്രദമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക