ഇന്നത്തെ കാലത്ത് ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നായി മാറിയിരിക്കുകയാണ് കൊളസ്ട്രോൾ. ലോ-ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ (എൽഡിഎൽ) നെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്. രക്തത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും പക്ഷാഘാതം ഉണ്ടാകുന്നതിലേക്കും വഴിയൊരുക്കുന്നു. ഹൈ-ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ (എച്ച്ഡിഎൽ) നെയാണ് നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത്. ഇവ കൂടുന്നത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും. ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിക്കും. എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിനും വിവിധ രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കും.
കാർബ്സ് അടങ്ങിയ ഒരു ഭക്ഷണമാണ് ഓട്സ്. ഓട്സ് വിശപ്പ് അകറ്റും എന്ന് മാത്രമല്ല ഓട്സിലൂടെ ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവാണ്. ഇക്കാരണത്താൽ പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. കൂടാതെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഓട്സ്. അമിനോ ആസിഡുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, അല്ലിസിൻ, അജോൺ തുടങ്ങിയ ഓർഗനോ സൾഫർ സംയുക്തങ്ങൾ ചേർന്നതാണ് നമ്മുടെ വീടുകളിലെ അടുക്കളയിൽ സ്ഥിരമായി കാണപ്പെടുന്ന വെളുത്തുള്ളി. ഈ സൾഫർ സംയുക്തങ്ങൾ വെളുത്തുള്ളിക്ക് ചികിത്സാ ഗുണങ്ങൾ നൽകുന്ന സജീവ ചേരുവകളാണെന്നാണ് പറയപ്പെടുന്നത്. വെളുത്തുള്ളി എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണെന്നും നിരവധി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നാരുകൾ അടങ്ങിയ ധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കാറുണ്ട്. ഇവ കൊളസ്ട്രോൾ നിയന്ത്രിക്കും എന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഒലിവ് ഓയിൽ, അവക്കാഡോ, സാൽമൺ എന്നിവയും രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും.
തടി കുറയ്ക്കാനായി പലരും കുടിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമായ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഈ സംയുക്തങ്ങൾ മനുഷ്യ ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നവയാണ്. ഇവയിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നത് മാത്രമല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന പോളിഫെനോളുകളുടെ ഏറ്റവും ഉയർന്ന സാന്ദ്രത അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ്, വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങി നിരവധി പ്രധാന വൈറ്റമിനുകൾ ഉള്ളവയാണ് മല്ലി വിത്തുകൾ. ഇവയിൽ ഏറ്റവും പ്രധാനമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആന്റി ഡയബറ്റിക്, ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ള, വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. ഉലുവയിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകൾ കൊളസ്ട്രോൾ നീക്കം ചെയ്യാനും നാരുകൾ കരളിലെ സമന്വയം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ ചില പഴങ്ങളും കഴിക്കാവുന്നതാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ. രണ്ടോ മൂന്നോ ഇടത്തരം വലിപ്പമുള്ള ആപ്പിൾ കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് 5% മുതൽ 13% വരെ കുറയ്ക്കുമെന്ന് നേരത്തെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ആപ്പിളിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവയാണ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചതെന്നാണ് പഠനം പറയുന്നത്. ബെറി പഴങ്ങളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ബെറി പഴങ്ങളുടെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ അളവ് ഗണ്യമായി കുറയ്ക്കുകയാണ് ചെയ്യുക. സ്ട്രോബെറി,ക്രാൻബെറി, ബ്ലൂബെറി മുതലായവ സീസണൽ പഴങ്ങളിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡൈസേഷൻ തടയും. ബ്ലൂബെറിയിലും മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫൈറ്റോസ്റ്റെറോളുകൾ എൽഡിഎൽ അളവ് കുറയ്ക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വൈറ്റമിൻ-സി, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. കൂടാതെ ഇവ വൃക്കയിൽ കല്ലുകൾ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും ശക്തമായ ഉറവിടമായ അവോക്കാഡോ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ്. ഭക്ഷണത്തിൽ ദിവസവും ഒരു അവോക്കാഡോ ചേർക്കുന്നത് അമിതവണ്ണം ഉള്ളവരിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഉയർന്ന അളവിലുള്ള ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ വാഴപ്പഴവും വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും പൊട്ടാസ്യവും കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും തോത് കുറയ്ക്കും.
ഡാർക്ക് ചോക്ലേറ്റ്, ബീൻസ്, സോയാബീൻ, കപ്പലണ്ടി, ചെറുപയർ തുടങ്ങിയ പയർ വർഗ്ഗങ്ങൾ, ബാർളി തുടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നതും ആരോഗ്യത്തെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോൾ കൂടാതിരിക്കാനും സഹായിക്കും. ഉയർന്ന അളവിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഹൃദ്രോഗ, ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും ദൈനംദിന ജീവിതത്തിൽ ശീലമാക്കി ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും വേണം.
ഇക്കാര്യത്തിൽ ആഹാരത്തിൽ ശ്രദ്ധിക്കുന്നത് പോലെ വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. പുകവലിയും മദ്യപാനവും ഒഴിവാക്കേണ്ടതും അനിവാര്യമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് മദ്യപാനം ഒരു കാരണമാകാറുണ്ട്. ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ തങ്ങി നിൽക്കുകയും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം മന്ദഗതിയിലാക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ളവരോ പ്രമേഹമുള്ളവരോ പുകവലിക്കുന്നവരോ ആണെങ്കിൽ ഹൃദയാഘാതത്തിനുള്ള അപകട സാധ്യത വളരെ കൂടുതലാണ്. ഇക്കാരണങ്ങൾ കൊണ്ട് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക