വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോഗങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങൾ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിൻതുടർന്നാൽ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ഒരു പ്രധാന വ്യായാമമായി കണക്കാക്കുന്നത്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതൽ ഗുണകരം എന്നത് പലർക്കും ഉള്ള സംശയമാണ്. ഭക്ഷണത്തിന് ശേഷം 100 സ്റ്റെപ്പ് നടക്കണമെന്ന് ആയുര്‍വേദത്തിൽ പറയുന്നു.
പുതിയ ഗവേഷണങ്ങളും ഇതിന്റെ ഗുണങ്ങളെ ശരിവയ്ക്കുന്നതാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ വയര്‍ വേദനയോ ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്ത പക്ഷം അര മണിക്കൂര്‍ വളരെ വേഗം നടക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണശേഷം ഉടനെ 15 മിനിറ്റ് നടന്നാലുള്ള ഗുണങ്ങള്‍ വിശദീകരിക്കുകയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ആയുര്‍വേദ വിദഗ്ധ ഡോ. നികിത കോഹ്ലി.
1. ദഹനത്തെ സഹായിക്കും
പല തരത്തിലുള്ള രസങ്ങളും എന്‍സൈമുകളും ദഹനപ്രക്രിയയില്‍ പങ്കാളികളാകുന്നുണ്ട്. ഭക്ഷണം കഴിഞ്ഞയുടനെ നടക്കുന്നത് ഈ പ്രക്രിയയെ മെച്ചപ്പെടുത്തും. അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലതാണ്.
2. ചയാപചയം മെച്ചപ്പെടുത്തും
ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നതിനും നടത്തം സഹായിക്കും.
3. ഭക്ഷണശേഷമുള്ള മടി അകറ്റാം
ഭക്ഷണശേഷം എവിടെയെങ്കിലും ചാഞ്ഞിരുന്ന് ഉറങ്ങാനുള്ള മടിയും ആലസ്യവും എല്ലാവര്ക്കും ഉണ്ടാകുന്നതാണ്. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ദഹിപ്പിക്കുന്നതിന്റെ ഭാഗമായി ശരീരം കൂടുതല്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതാണ് ഈ മടിക്ക് കാരണമാകുന്നത്. ഇതകറ്റാനും നടപ്പ് സഹായിക്കും.
4. ഭാരം കുറയ്ക്കാം
കാലറി കത്തിക്കുക വഴി ശരീരഭാരം കുറയ്ക്കാനും ഭക്ഷണശേഷമുള്ള നടപ്പ് സഹായിക്കും. കഴിച്ച ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കപ്പെടാതിരിക്കാനും നടപ്പ് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക