നോക്കാൻ ആളില്ലാത്തതിനാൽ പരീക്ഷയ്ക്ക് എത്തിയ അമ്മയ്ക്ക് കൂട്ടായി പരീക്ഷാ സെന്ററിൽ എത്തിയ ആറുമാസം പ്രായമായ കുഞ്ഞിന് കൂട്ടായി പോലീസ് ഉദ്യോഗസ്ഥ. അഹമ്മദാബാദ് പോലീസ് ആണ് വനിതാ കോൺസ്റ്റബിളിന്റെയും കുഞ്ഞിനെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഗുജറാത്ത് ഹൈക്കോടതിയിലെ പ്യൂൺ പോസ്റ്റിനു വേണ്ടി നടത്തിയ പരീക്ഷ എഴുതാൻ എത്തിയ അമ്മ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാൽ കുഞ്ഞിനെയും കൊണ്ടാണ് എത്തിയത്. ഞായറാഴ്ചയായിരുന്നു പരീക്ഷ. ഓടിക്കിതച്ചെത്തിയ സ്ത്രീ തന്റെ കരയുന്ന കുഞ്ഞിനെ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ കാഴ്ച കണ്ടുനിന്ന ദയാബൻ എന്ന വനിതാ കോൺസ്റ്റബിളാണ് കുഞ്ഞിന് തുണയായത്.
എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന അമ്മയ്ക്ക് അരികിലെത്തി കുഞ്ഞിനെ വാങ്ങി. ‘നിങ്ങൾ പരീക്ഷ എഴുതിക്കോളൂ കുഞ്ഞിനെ ഞാൻ നോക്കാം’ എന്ന് പറഞ്ഞ് ദയാബൻ കുഞ്ഞിനെ വാങ്ങുകയായിരുന്നു. പരീക്ഷ തീരുവോളം ആർക്കും ശല്യം ഉണ്ടാക്കാതെ പോലീസിനൊപ്പം കുഞ്ഞ് അമ്മയെ കാത്തിരുന്നു.പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് നാടിന്റെ അഭിമാനം എന്നും പേരുപോലെതന്നെ ദയയുള്ളവരാണ് ഇവരെന്നും ഒക്കെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക