മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സൂപ്പര്‍താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമിൽ 256 മില്യൻ പേരാണ് വിരാട് കോലിയെ പിന്തുടരുന്നത്. 25 കോടി 60 ലക്ഷം പേരാണ് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്.
കോലി ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിന് വാങ്ങുന്ന തുക എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ്പര്‍ എച്ച്ക്യു എന്ന സ്ഥാപനം. 2023-ലെ കണക്കുകള്‍ പ്രകാരം ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിന് കോലിയ്ക്ക് ലഭിക്കുന്നത് 11.45 കോടി രൂപയാണ്.
രാജ്യാന്തര തലത്തിൽ പുറത്തിറക്കിയ പട്ടികയിൽ ആദ്യ 20ൽ ഉള്ള ഏക ഇന്ത്യക്കാരനും വിരാട് കോലിയാണ്. പട്ടികയിൽ ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് 29–ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് ഒരു ഇന്‍സ്റ്റ പോസ്റ്റിന് പ്രിയങ്കയ്ക്കു ലഭിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം പണം ഇന്‍സ്റ്റഗ്രാമിലെ സ്പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ നേടുന്ന കായിക താരങ്ങളുടെ പട്ടികയില്‍ കോലി മൂന്നാമതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് കോലിയ്ക്ക് മുന്നിലുള്ളത്. ഒന്നാമതുള്ള റൊണാള്‍ഡോയ്ക്ക് 26.75 കോടി രൂപയാണ് നല്‍കേണ്ടത്. മെസ്സിയ്ക്ക് ലഭിക്കുന്നത് 21.49 കോടി രൂപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക