ആലുവ: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി ആലുവ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണസംഘം പറഞ്ഞു.
ഇന്നലെ പുലർച്ചയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയായ ക്രിസ്റ്റൽരാജിനെ വൈകിട്ട് ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിനടിയിൽ വച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് സംഘത്തെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
ഒന്നരവർഷം മുമ്പാണ് ക്രിസ്റ്റൽരാജ് ആലുവയിലേക്ക് എത്തിയത്. ഇയാൾക്കെതിരെ പത്തോളം കേസുകൾ ഉണ്ട്. കൂടുതൽ മൊബൈൽ മോഷണ കേസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക