മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ് . 1869 ഒക്ടോബർ 2 നാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം സംസാരിക്കുകയും ചെയ്തു.
ഇന്ത്യയിലെ ജനങ്ങൾ 1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ആചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഓർമിക്കപ്പെടുന്നു. സ്കൂളുകളിൽ ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്.
മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു.
ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക