ഭക്ഷണത്തില്‍ ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് കൂട്ടിയും കുറച്ചും കഴിക്കുന്നവരുണ്ട്. എന്നാല്‍ അമിതമായുള്ള ഉപ്പിന്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ് പറയുന്നത്. ഉപ്പിന്റെ ഉപയോഗം പാടേ ഒഴിവാക്കുകവഴി ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്.
സൗത്ത്കൊറിയയിലെ ക്യുങ്പൂക് നാഷണല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഭക്ഷണത്തില്‍ ഉപ്പ് സ്ഥിരമായി ചേര്ക്കുന്നവരില് അല്ലാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത 22 ശതമാനമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉപ്പ് പാടേ ഉപേക്ഷിക്കുകവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നു.
ക്രമരഹിതവും വേഗത്തിലുള്ളതുമായ ഹൃദയമിടിപ്പ് അഥവാ ഏട്ര്യല് ഫൈബ്രിലേഷന്(എ.എഫ്) എന്ന അവസ്ഥയും ഉപ്പ് ഉപയോഗം കൂടിയവരില്‍ കൂടാനുള്ള സാധ്യതയുണ്ട്. ഹൃദയത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാവുന്ന അവസ്ഥയാണ് ഏട്ര്യല് ഫൈബ്രിലേഷന്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് എത്രത്തോളം കുറയ്ക്കുന്നോ അത്രത്തോളം എ.എഫ് സാധ്യതയും കുറയ്ക്കാമെന്നാണ് പഠനത്തില്‍ തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത യൂന്‍ ജുങ് പാര്‍ക്ക് പറഞ്ഞു.
ആംസ്റ്റര്‍ഡാമില്‍ വച്ചുനടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള 3,95,682 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. നാല്പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരിലായിരുന്നു പഠനം നടത്തിയത്. ഗ്യാസ്ട്രിക് കാന്‍സര്‍, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം അമിത അളവില്‍ ഉപ്പ് കഴിക്കുന്നത് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദം നല്‍കുമെന്നാണ് പഠനത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക