തിരുവനന്തപുരം: സിനിമാടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനായി പുതിയ വെബ്സൈറ്റും ആപ്ലിക്കേഷനും നിർമിച്ച് കേരള സർക്കാർ. എന്റെ ഷോ’ എന്നാണ് പുതിയ ആപ്പിന് പേര് നൽകിയിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ പതിനാറ് തിയേറ്ററുകളിൽ ‘എന്റെ ഷോ’വഴിയുള്ള ടിക്കറ്റ് വിതരണം ഉടൻ ആരംഭിക്കും.
ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉൾപ്പെടുത്തി പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.സാധാരണയായുള്ള സിനിമാടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് പുതിയ അപ്പിന്റെയും പ്രവർത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് ഈ അപ്പുകളിലൂടെ അധികമായി നൽകേണ്ടതുള്ളൂ.
ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിനും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും കിട്ടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ചലച്ചിത്രക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള മറ്റൊരു പ്രധാനഘടകം.
18 ശതമാനം ജി.എസ്.ടി.ക്കും എട്ടരശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തിൽ മൂന്നുരൂപ ചലച്ചിത്രക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്. പക്ഷേ, ഈ തുക പലപ്പോഴും പല തിയേറ്ററുകളും അടയ്ക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക