പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില. കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. അതുപോലെ തന്നെ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് മുരിങ്ങക്കായും.
മുരിങ്ങയിലയും മുരിങ്ങക്കായും ധാരാളം ലഭിക്കാൻ മുരിങ്ങാ മരം വീട്ടിൽ തന്നെ നട്ട് വിളവെടുക്കാവുന്നതാണ്. ഇത് വരൾച്ചയെ പ്രതിരോധിക്കുന്ന വൃക്ഷമാണ്. മുരിങ്ങ മരം നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മുരിങ്ങയുടെ കമ്പ് വെട്ടിയെടുത്ത് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള മരത്തിൽ നിന്ന് 4-6 അടി നീളമുള്ള നല്ല ആരോഗ്യമുള്ള കമ്പ് മുറിച്ചെടുക്കുക. നല്ല തെളിച്ചമുള്ള സ്ഥലത്ത് വേണം കമ്പ് നടാനായി തെരഞ്ഞെടുക്കേണ്ടത്.
ഇത് 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ വേരുകൾ ഉണ്ടാകുന്നത് കാണാൻ സാധിക്കും. കാറ്റ് ലഭിക്കുന്നതും ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് വേണം മുരിങ്ങ മരം നടേണ്ടത്.
വേര് വന്ന് കഴിഞ്ഞാൽ വെയിലും തണലും സഹിക്കാൻ ഇതിന് സാധിക്കും. ഇത് മിതശീതോഷ്ണ കാലാവസ്ഥയിൽ വളരുമെങ്കിലും ശൈത്യകാലത്ത് നല്ല പരിചരണം ആവശ്യമാണ്. അത്കൊണ്ട് തന്നെ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നടുന്നതാണ് എപ്പോഴും നല്ലത്.
സാധാരണ മണ്ണിലും ഇത് നന്നായി വളരുന്നു, എന്നിരുന്നാലും നന്നായി വളരുന്നതിന് വേണ്ടി ജൈവവളം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ കമ്പോസ്റ്റ് ഉപയോഗിക്കാം.
വളരുന്ന സമയത്ത് മിതമായ നനവ് മാത്രമാണ് ചെടിയ്ക്ക് ആവശ്യം, കടുത്ത വരൾച്ച ഇല്ലെങ്കിൽ ചെടി നനയ്ക്കേണ്ടതില്ല, കാരണം ഇതിന് വരൾച്ചയെ പ്രതിരോധിക്കുന്ന ചെടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക