ടാറ്റൂ അല്ലെങ്കില്‍ പച്ചകുത്തല്‍ ഇന്നത്തെ കാലത്തെ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്ന. ചിലര്‍ ചെറിയ ചിത്രങ്ങള്‍ ടാറ്റൂ ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രിയം ദേഹം മുഴുവന്‍ ടാറ്റൂ കുത്താനാണ്.
ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പുതിയ പഠനത്തിൽ ഗവേഷകര്‍ പറയുന്നത് ടാറ്റൂ ചെയ്യുന്നവരിൽ 5% കേസുകളിലും അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ്. മതിയായ ശുചിത്വമില്ലാത്ത ചുറ്റുപാടില്‍ ടാറ്റൂ ചെയ്യുന്നവര്‍ക്കാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍.
ടാറ്റൂ ചെയ്യുന്നതുകൊണ്ട് സ്കിന്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. ശരീരത്തിലേക്ക് പലനിറങ്ങളിലുള്ള മഷി ഇഞ്ചക്ട് ചെയ്താണ് ടാറ്റൂ സൃഷ്ടിക്കുന്നത്.
സ്ഥിരമായി നിലനില്ക്കാന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍, കെമിക്കലുകള്‍ ശരീരത്തില്‍ ഇത്തരത്തില്‍ കുറേക്കാലം നില്‍ക്കുന്നത് ദോഷകരമാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
ടാറ്റൂ ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങൾക്ക് പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും.
ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാൽ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പെയിന്റുകളുടെ നിർമാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്.
ടാറ്റൂ ചെയ്യുമ്പോൾ പ്രധാനമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക…
ഒരു ടാറ്റൂ പ്രൊഫഷണലിൽനിന്ന് ടാറ്റൂ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രതിരോധനടപടി. ടാറ്റൂചെയ്യുന്ന സലൂണുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെങ്കിലും മിക്കയിടങ്ങളിലും ഇത് പാലിക്കാറില്ല. അതുകൊണ്ട് നന്നായി അന്വേഷിച്ച ശേഷമോ മുന്‍പ് ടാറ്റൂ ചെയ്തവരോട് തിരക്കിയ ശേഷമോ ഒരു സലൂണ്‍ തിരഞ്ഞെടുക്കാം.
ഇന്റര്‍നെറ്റില്‍ റിവ്യൂ നോക്കിയാ ശേഷവും ടാറ്റൂ സെന്റര്‍ തീരുമാനിക്കാം. എഫ്ഡിഎ അംഗീകാരമുള്ള മഷിയാണോ ഉപയോഗിക്കുന്നത് എന്നതും ഉറപ്പു വരുത്തണം.
ടാറ്റൂ ചെയ്യുന്ന ശരീരഭാഗം അണുവിമുക്തമാക്കിയ ശേഷമാകണം കുത്താന്‍. അതുപോലെ ഉപകരണങ്ങളും അതീവശ്രദ്ധയോടെ വേണം ഉപയോഗത്തിനു മുന്‍പും ശേഷവും വൃത്തിയാക്കാന്‍.
ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ടാറ്റൂ ചെയ്യുന്ന ആളും വൃത്തിയുള്ള കയ്യുറകള്‍ ഉപയോഗിക്കണം.
നിങ്ങൾക്ക് എന്തെങ്കിലും തരത്തില്‍ സ്കിന്‍ അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് ടാറ്റൂ വിദഗ്ധനെ അറിയിക്കണം. പ്രമേഹരോഗികൾക്ക് മുറിവുണങ്ങാൻ ദീർഘസമയമെടുക്കുമെന്നതിനാൽ ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഹൃദയസംബന്ധിയായ രോഗമുള്ളവർ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരും ടാറ്റൂ ചെയ്യും മുന്‍പ് ഡോക്ടറോട് അഭിപ്രായം തേടണം.
ടാറ്റൂ ചെയ്ത ആദ്യ ആഴ്ചയിൽ വെയിൽകൊള്ളിക്കാതിരിക്കുക, പുഴയിലോ നീന്തൽക്കുളത്തിലോ കുളിക്കാതിരിക്കുക, ഏതെങ്കിലും തരത്തിലെ ക്രീമുകളോ മരുന്നുകളോ ഉപയോഗിക്കാതെയിരിക്കുക, എന്നാല്‍ നീറ്റലോ പുകച്ചിലോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ക്രീമുകള്‍ പുരട്ടുക.
അപകടസാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുക: ടാറ്റൂ ചെയ്യുന്നത് അണുബാധ, അലർജി പ്രതിപ്രവർത്തനങ്ങൾ, രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവ പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
എല്ലാറ്റിനുമുപരിയായി പച്ച കുത്തിയഭാഗം ശുചിയായി സൂക്ഷിക്കുക. വളരെ ചുരുക്കംപേര്‍ക്ക് മാത്രമാണ് ടാറ്റൂ ചെയ്യുന്നത് കൊണ്ട് ദീര്‍ഘകാലത്തേക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക