ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് എയർ ഇന്ത്യ. ഇന്ത്യയിലെ ആദ്യ എയർബസ് എ 350 വിമാനം കഴിഞ്ഞദിവസം എയർ ഇന്ത്യ പുറത്തിറക്കി. വിങ്സ് ഇന്ത്യ 2024 ന്റെ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് എയർ ഇന്ത്യയുടെ പുത്തൻ വിമാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ജനുവരി 22ന് ആദ്യ ആഭ്യന്തര സർവീസ് ആരംഭിക്കുന്ന വിമാനം ക്രമേണ അന്താരാഷ്ട്ര സർവീസുകളിലേക്ക് മാറുകയും ചെയ്യും. ഗെയിം ചേഞ്ചറായാണ് എ 350 വിമാനങ്ങൾ അവതരിപ്പിക്കുന്നതെന്ന് കമ്പനി സിഇഒയും എംഡിയുമായ കാംപെൽ വിൽസൺ പറഞ്ഞു.
വിമാനങ്ങളിലും ഉൽപ്പന്നങ്ങളിലും കൊണ്ടുവരുന്ന നവീകരണം എയർ ഇന്ത്യയെ ലോക വ്യോമയാന മേഖലയിൽ ഉയർന്ന തലത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായിക്കുമെന്ന് കമ്പനി സിഇഒ അറിയിച്ചു. 9700 നോട്ടിക്കൽ മൈൽ വരെ നിർത്താതെ പറക്കാൻ സാധിക്കുന്ന വിമാനത്തിൽ റോൾസ് റോയ്സ് എക്സ് ഡബ്ലിയുബി എൻജിനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
നോൺ സ്റ്റോപ്പ് യാത്രയ്ക്കായി ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും യാത്ര ചെയ്യുന്നതിന് ഇനി എ350 ഉണ്ടായിരിക്കും. മൂന്ന് ക്ലാസുകളിലുമായി 316 സീറ്റുകളാണ് വിമാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസ്സിൽ 1-2-1 കോൺഫിഗറേഷനിൽ 28 സ്യൂട്ടുകളും ഓരോന്നിനും നേരിട്ടുള്ള ഇടനാഴി ആക്സസും സ്ലൈഡിങ് പ്രൈവസി ഡോറുകളും ഉൾപ്പെടുന്നു.
ആദ്യം ആഭ്യന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ എ350 വിമാനം ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ റൂട്ടുകളിൽ സർവീസ് നടത്തിയതിനുശേഷം അന്താരാഷ്ട്ര സർവീസുകളിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക