കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശത്തിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ വി എസ് ജോയിക്ക് സ്ഥലംമാറ്റം. പാലക്കാട് പട്ടാമ്പിയിൽ ഉള്ള ശ്രീകൃഷ്ണ സർക്കാർ സംസ്കൃത കോളേജിലേക്കാണ് ജോയിയെ മാറ്റിയത്.
കോളേജിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റാനുള്ള നടപടി. കോളേജ് ക്യാമ്പസിൽ ഉണ്ടായ സംഘർഷത്തിൽ മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷം ചരിത്ര ബിരുദ വിദ്യാർത്ഥിയുമായ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയായ അബ്ദുൾ നാസറിന് വെട്ടേൽക്കുകയും അധ്യാപകന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കെ എസ് യു പ്രവർത്തകനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്യാമ്പസിൽ വച്ച് ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാർത്ഥി കയ്യേറ്റം ചെയ്തെന്നും മൂർച്ചയുള്ള വസ്തു കൊണ്ട് പിന്നിൽ നിന്ന് പിടിച്ചെന്നുമുള്ള കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറുമായ ഡോ കെ എം നിസാമുദ്ദീന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക