അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയം നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജനുവരി 22ന് അവധി നൽകുന്നതെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
നേരത്തെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് ഉച്ചയ്ക്ക് 2.30 വരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങൾക്കും പ്രാദേശിക റൂറൽ ബാങ്കുകൾക്കും ഈ അവധി ബാധകമാണെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയെ കൂടാതെ മറ്റ് മറ്റ് ചില സംസ്ഥാനങ്ങളും ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനമായതിനാൽ ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് അവധിയാണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം സംസ്ഥാനത്ത് മദ്യ വില്പനയ്ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഹരിയാനയിൽ സ്കൂളുകൾക്ക് അവധി നൽകുകയും മദ്യ വില്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇവകൂടാതെ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര, ഛത്തീസ്ഗഡ്, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉച്ചയ്ക്ക് 2.30വരെ സർക്കാറുകൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക