ബിജെപി സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ജനുവരി 27ന് ആരംഭിക്കും. ജനുവരി 27ന് കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ താളിപ്പടുപ്പ് മൈതാനത്ത് നിർവഹിക്കും.
രാവിലെ മധൂർ ക്ഷേത്രദർശനത്തോടെ ആരംഭിക്കുന്ന യാത്രയുടെ അന്നേ ദിവസത്തെ സമാപനം കാസർഗോഡ് മേൽപ്പറമ്പിൽ നടക്കും. രാവിലെ 9 മണിക്ക് ക്യാപ്റ്റനായ കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനവും ഉണ്ടാകും. 10:30ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിലും 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിലെ മത- സാമുദായിക -സാംസ്കാരിക നേതാക്കളുടെ സ്നേഹസംഗമം പരിപാടിയിലും സുരേന്ദ്രൻ സംസാരിക്കും.
പദയാത്ര 29ന് കണ്ണൂരിലൂടെയും 30ന് വയനാട്ടിലും 31ന് വടകരയിലൂടെയും കടന്നു പോകും. ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിൽ ഫെബ്രുവരി 3, 5, 7 തീയതികളിൽ പദയാത്ര പര്യടനം നടത്തും. ഫെബ്രുവരി 9 ,10, 12 തീയതികളിൽ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലും 14, 15 തീയതികളിൽ ഇടുക്കിയിലും ചാലക്കുടിയിലും യാത്ര പര്യടനം നടത്തും.
കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് കേരള പദയാത്രയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഫെബ്രുവരി 19, 20, 21 തീയതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന യാത്ര 23ന് പൊന്നാനിയിലും 24ന് എറണാകുളത്തും 26ന് തൃശ്ശൂരിലും പര്യടനം നടത്തി 27ന് പാലക്കാട് സമാപിക്കും.
വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും ഓരോ ദിവസവും പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനസമ്മേളനവും സമാപന സമ്മേളനവും ഓരോ മണ്ഡലത്തിലും സംഘടിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പങ്കെടുക്കുന്ന യാത്രയിൽ 25000ത്തോളം പേർ ഓരോ പാർലമെന്റ് മണ്ഡലത്തിലും പങ്കെടുക്കും.
വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും ഉണ്ടാകും. പദയാത്ര നടക്കുന്ന എല്ലാ ദിവസങ്ങളിലും രാവിലെ 9 മണിക്ക് യാത്ര ക്യാപ്റ്റന്റെ വാർത്താസമ്മേളനം ഉണ്ടായിരിക്കും. കേന്ദ്രസർക്കാറിന്റെ വിവിധ വികസന ജനക്ഷേമ പദ്ധതികളിൽ അംഗമാകാനുള്ള അവസരവും അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെൽപ്പ് ഡെസ്കുകളും പദയാത്രയിൽ ഉണ്ടായിരിക്കും. എൻഡിഎയുടെ വികസനരേഖ പ്രകാശിപ്പിക്കുന്ന പദയാത്രയിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങളും പ്രദർശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക