സാധാരണയായി വലിയ മീൻ കിട്ടുമ്പോൾ ഫ്രൈ ചെയ്യുകയോ കറി വയ്ക്കുകയോ ഒക്കെയാണ് എല്ലാവരും ചെയ്യാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കിടിലൻ ഒരു മീൻ പൊള്ളിച്ചത് തയ്യാറാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ എങ്ങനെ മീൻ പൊള്ളിച്ചത് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം മാറ്റിവയ്ക്കാം. ഇനി മീൻ മാഗ്നൈറ്റ് ചെയ്യുന്നതിനായി മസാല തയ്യാറാക്കണം. അല്പം മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി പാകത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ, കുറച്ച് വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ആവശ്യമെങ്കിൽ അല്പം വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇനി ഈ മസാല മീനിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കാം. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം ഈ മീൻ ചെറുതായി ഒന്ന് ഫ്രൈ ചെയ്തെടുക്കണം. ഫ്രൈ ചെയ്തെടുത്ത മീൻ മാറ്റിവെക്കാം.
പിന്നീട് ഒരു പാനിലേക്ക് എണ്ണ ഒഴിച്ചതിനു ശേഷം പൊടിയായി അരിഞ്ഞ അല്പം സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തുകൊടുത്ത് നല്ലതുപോലെ വഴറ്റി എടുക്കണം. ഇനി ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, അല്പം മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്തുകൊടുത്ത നല്ലതുപോലെ മൂപ്പിച്ചെടുക്കണം.
പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത് തക്കാളി കൂടി ചേർത്തു കൊടുക്കാം. തക്കാളി നല്ലതുപോലെ വെന്തു വരുമ്പോൾ ഇതിലേക്ക് അല്പം തേങ്ങാപ്പാല് ചേർത്ത് കൊടുക്കണം. ഒന്ന് വറ്റിവരുമ്പോൾ തീ ഓഫ് ചെയ്യാം.
ഒരു വാഴയില വാട്ടിയെടുത്ത് അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മസാല അല്പം എടുത്ത് വാഴയിലയിൽ പരത്തിയെടുക്കാം. ഇതിനു മുകളിലേക്ക് പകുതി വേവിച്ചുവെച്ച മീൻ വെച്ച് കൊടുക്കണം. തയ്യാറാക്കി വെച്ചിരിക്കുന്ന ബാക്കിയുള്ള മസാല കൂടി മീനിന് മുകളിലേക്ക് ചേർത്തു കൊടുക്കാം.
നല്ലതുപോലെ ഇല കെട്ടിയതിനു ശേഷം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് കൊടുക്കണം. പൊതിഞ്ഞു വച്ചിരിക്കുന്ന മീൻപാനിലേക്ക് വെച്ചുകൊടുത്ത് തിരിച്ചും മറിച്ചുമിട്ട് പൊള്ളിച്ചെടുക്കാം. രുചികരമായ മീൻ പൊള്ളിച്ചത് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക