സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്.
എറണാകുളത്തെ ഏകദിന ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാണിയേലി പോരു. നദീതീരത്തെ പാതയിലൂടെയുള്ള ഈ 1.5 കിലോമീറ്റർ ട്രെക്കിംഗ് നിങ്ങളെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകും.
പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.
ആലുവ-മൂന്നാർ റോഡിൽ കുറുപ്പംപടി ടൗണിൽ നിന്ന് 15 കി.മീ. സഞ്ചരിച്ചാൽ വേങ്ങൂർ പഞ്ചായത്തിലെ പോരിലെത്താം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്.
കാടും പുഴയും മലകളും അതിരിടുന്ന ഇവിടം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് ഇവിടെ പെരിയാർ. പുഴയിലെ ചുഴികൾ മൂലം പാറക്കെട്ടുകളിൽ രൂപപ്പെടുന്ന വലിയ ഗർത്തങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
നിരവധി ആളുകൾ എത്തുന്ന ഇവിടെ അതീവ അപകടകാരികളായ ഗർത്തങ്ങൾ ഉണ്ട്. പുഴയിലെ അടിയൊഴുക്കും പാറക്കെട്ടുകളിലെ വഴുക്കലും അപകടങ്ങൾക്കിടയാക്കും.
പാണിയേലി പോര് വനസംരക്ഷണ സമിതിയുടെ കീഴിൽ വനപാലകരും പ്രദേശവാസികളുമുൾപ്പെടുന്ന 15 ഗാർഡുമാരുടെ സേവനവും ഇവിടെയുണ്ട്. പ്രവേശന കവാടത്തിൽനിന്ന് പുഴയോരത്തുകൂടി ഒരു കിലോമീറ്ററോളം സന്ദർശകർക്ക് നടന്നുകാണാം.
രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും അഞ്ചു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക