രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിന്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. ഇലക്ട്രിക് സ്കൂട്ടറായും ഇലക്ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം.
ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും.
ത്രീവീലറായും ടൂവീലറായും കൊണ്ടുനടക്കാവുന്ന ഈ വാഹനം കാർഗോ അല്ലെങ്കിൽ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.
ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് ഒന്നിന്റെ വിലയ്ക്ക് രണ്ട് വാഹനങ്ങൾ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ” എന്നാണ് വിളിക്കുന്നത്.
ഒരു വാഹനം സ്വന്തമാക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറ്റാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം.
3W സെറ്റപ്പിൽ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സർജ് പറയുന്നു.
ത്രീവീലർ വാഹനവും സ്കൂട്ടറും തമ്മിലുള്ള പരിവർത്തനം എവിടെവെച്ച് വേണമെങ്കിലും സാധ്യമാണെന്നും സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അഡാപ്റ്റീവ് കൺട്രോളുകളും പ്രവർത്തനങ്ങളും ഉണ്ടെന്നും സർജ് S32 മോഡൽ ഉറപ്പുവരുത്തുന്നുണ്ട്.
ഒറ്റനോട്ടത്തിൽ സർജ് S23 ഏതെങ്കിലും 3W ഇലക്ട്രിക് കാർഗോ വാഹനമോ റിക്ഷയോ പോലെയാണിരിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ ക്യാബിനും ഇതിന്റെ പ്രത്യേകതയാണ്.
ഓട്ടോയുടേതായ വിൻഡ്സ്ക്രീൻ, ഹെഡ്ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വിൻഡ്സ്ക്രീൻ വൈപ്പറുകൾ തുടങ്ങി എല്ലാ സവിശേഷതകളും ഇതിൽ കമ്പനി കോർത്തിണക്കിയിട്ടുമുണ്ട്.
ഇനി സ്കൂട്ടറായി ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ക്യാബിനിലുള്ള ഒരു ബട്ടണിൽ അമർത്തിയാൽ മുൻവശത്തെ വിൻഡ്ഷീൽഡ് ഭാഗം ലംബമായി ഉയർത്തുകയും ഉള്ളിലുള്ള സീറ്റ് കൺസോൾ തുറക്കുകയും തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ വെളിപ്പെടുത്തുകയും ചെയ്യും.
3W വാഹനത്തിന്റെ ക്യാബിന് വിന്യസിച്ചിരിക്കുന്ന സ്പ്രിംഗ്-ലോഡഡ് ഡബിൾ സ്റ്റാൻഡ് പോലെയുള്ള മെക്കാനിസവും ലഭിക്കുന്നു. അങ്ങനെ ടൂവീലറായി മാറിയാലും വാഹനത്തിന്റെ ബാക്കിയുള്ള ഭാഗം സേഫായി തന്നെയിരിക്കും.
സ്കൂട്ടറിൽ എൽഇഡി ഹെഡ്ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. സ്കൂട്ടറിലാണ് സ്പീഡോയും സ്വിച്ച് ഗിയറുകളും ഒരുക്കിയിരിക്കുന്നത്.
കൂടാതെ 3W വാഹനത്തിന്റെ ഘടകങ്ങൾ പവർട്രെയിൻ, ബാറ്ററി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രിക് ഇൻ്റർഫേസ് ഉടമ സ്വമേധയാ പ്രവർത്തിപ്പിക്കേണ്ടതാണ്. 3W വാഹനത്തിനും 2W സ്കൂട്ടറിനും ഇടയിലാണ് ബാറ്ററിയും പവർട്രെയിനും വിഭജിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷക്ക് 10 kW (13.4 bhp) പവറുള്ള 11 kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇതിന് പരമാവധി 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്നതെന്ന് കമ്പനി പറയുന്നു. ലോഡ് വഹിക്കാനുള്ള ശേഷി 500 കിലോഗ്രാമാണെന്നും സർജ് വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂട്ടറിൽ 3 kW (4 bhp) കരുത്തുള്ള 3.5 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് 60 കിലോമീറ്റർ വേഗതയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക