മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ട്രെയിലർ പുറത്ത്. കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്.
വ്യത്യസ്തഭാവങ്ങളിൽ സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ മമ്മൂട്ടി ഭയപ്പെടുത്തുന്നതിന്റെ ഏതാനും സീനുകൾ ട്രെയിലറിൽ കാണാൻ സാധിക്കും.
ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ ഭ്രമയുഗത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാകും എത്തുകയെന്ന് ആരാധകർക്ക് സൂചന ലഭിച്ചിരുന്നു.
ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് നിർമിച്ചിരിക്കുന്നത്.
ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഭ്രമയുഗം’. ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയുഗം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ് ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്നത്.
ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക