സംവിധായകന്റെ കുപ്പായം അണിയാനൊരുങ്ങുകയാണ് പ്രിയപ്പെട്ട താരം ജയം രവി. തന്റെ പുതിയ ചിത്രമായ സൈറണിന്റെ സക്സസ് മീറ്റിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
‘ ഞാൻ മൂന്ന് തിരക്കഥകൾ എഴുതി വച്ചിട്ടുണ്ട്. അതിലൊന്നിൽ യോഗി ബാബുവാണ് നായകൻ. ആ ചിത്രത്തിനുവേണ്ടി ഞാൻ യോഗി ബാബുവിന്റെ ഡേറ്റു വാങ്ങിക്കഴിഞ്ഞു. 500 രൂപ അഡ്വാൻസായി ഞാൻ യോഗി ബാബുവിന് നൽകിക്കഴിഞ്ഞു. മറ്റൊരു സ്ക്രിപ്റ്റിൽ ഞാൻ തന്നെയായിരിക്കും നായകനാകുക. ആ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഞാൻ എന്നെതന്നെയാണ് ഹീറോയായി കരുതിയത്. മൂന്നാമത്തെ സ്ക്രിപ്റ്റിൽ പ്രത്യേകിച്ച് ആരെയും തീരുമാനിച്ചിട്ടില്ല’. ജയം രവി പറഞ്ഞു.
ജയം രവി സംവിധാകനാകുന്നു എന്ന തരത്തിൽ നേരത്തെ മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ ഈ വാർത്തകളോട് താരം പ്രതികരിച്ചിരുന്നില്ല. അതേസമയം, സംവിധായകനായുള്ള ആദ്യ ചിത്രം ഉടൻ പ്രതീക്ഷിക്കാം എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. മകന്റെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമൊയെന്ന വാർത്തയോടും അദ്ദേഹം പ്രതികരിച്ചു.
‘മകന് സിനിമയിലേക്ക് നിരവധി അവസരങ്ങൾ വരുന്നുണ്ട്. മകനെ നായകനാക്കി സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് സംവിധായകൻ ശക്തി, എന്റെ സഹോദരനും സംവിധായകനുമായ ജയം രാജ തുടങ്ങി നിരവധിപ്പേർ ഇതിനോടകം എന്നെ സമീപിച്ചിട്ടുണ്ട്. അവൻ നേരത്തെ എന്നോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അവൻ പഠിത്തത്തിന്റെ തിരക്കിലാണ്. ഇനി പഠനം പൂർത്തിയാക്കിയ ശേഷമേ സിനിമയിലേക്കുള്ളു എന്നും ജയം രവി പറഞ്ഞു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക