ഗുണമേന്മയുള്ള നാരകം എളുപ്പത്തില്‍ കൃഷിചെയ്തെടുക്കാം. രുചിയില്‍ വ്യത്യസ്തതകളുള്ള പലതരം നാരകങ്ങളുണ്ട്. ചെറുനാരങ്ങ, കുരുവില്ലാനാരങ്ങ (സീഡ് ലെസ് ലെമണ്‍), ബുഷ് ഓറഞ്ച്, റെഡ് ലെമണ്‍, വെറിഗേറ്റഡ് ബുഷ് ഓറഞ്ച്, ഇസ്രയേല്‍ ഓറഞ്ച്, ഗണപതിനാരങ്ങ, അസം ലെമണ്‍ (കാജി ലെമണ്‍), കല്‍ക്കട്ട പാത്തിലെമണ്, ഫിംഗര്‍ ലെമണ്‍, വടുകപ്പുളി തുടങ്ങിയവയെല്ലാം നമ്മുടെ നാട്ടില്‍ നന്നായി വിളയും.
സ്ഥലപരിമിതിയുള്ളവര്‍ക്ക് കണ്ടെയ്നറുകളിലും നാരകങ്ങള്‍ കൃഷിചെയ്യാം. ജീവകം സി.യുടെ കലവറയായ നാരകങ്ങള്‍ ശരീരത്തിന് നല്ല പ്രതിരോധശേഷി നല്കുന്നു.
മണ്ണിൽ നടുമ്പോൾ 50 സെ.മീററർ വീതം നീളം, വീതി, താഴ്ചയിലുള്ള കുഴിയെടുത്തു മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും ചേർത്ത് നിറച്ച ശേഷം വിത്തു കിളിർപ്പിച്ചതോ പതി വെച്ചെടുത്തതോ ആയ തൈ നടണം. ആദ്യ കാലത്ത് വേനലിൽ ആഴ്ചയിൽ രണ്ടു തവണ നല്ലവണ്ണം നനച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് ആഴ്ചയിൽ ഒരിക്കൽ എന്ന തോതിലാകാം. മഴയില്ലാത്തപ്പോൾ രണ്ടാഴ്ചയിലൊരിക്കൽ എന്ന തോതിൽ നനച്ചാൽ മതിയാകും.
നല്ല മദര്പ്ലാന്റില്നിന്നുള്ള ലെയറോ ബഡ്ഡോ ഗ്രാഫ്റ്റോ ചെയ്തെടുത്ത തൈകളാണ് വേഗംകായ്ക്കാന് ഉത്തമം. സീഡ് ലെസ് ലെമണ്‍ കമ്പൊടിച്ചുകുത്തിയും നടാമെങ്കിലും കായ്ക്കാന്‍ സമയമെടുക്കും. രണ്ടരയടി ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് മേല്‍മണ്ണും വളവും ചേര്‍ത്ത് നിറച്ച് മധ്യഭാഗത്തായി തൈകള്നടാം.
ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ അടിവളമായി ചേര്‍ക്കാം. നല്ല സൂര്യപ്രകാശംവേണം. നാരകത്തിന്റേത് ചെറുവേരുകളാണ്. അതിനാല്‍ നല്ല നീരൊഴുക്കുള്ള ഇളകിയ മണ്ണുവേണം. കണ്ടെയ്നറുകളിലാണ് കൃഷിചെയ്യുന്നതെങ്കില്‍ നല്ല വിസ്താരമുള്ള ചട്ടികളോ ഡ്രമ്മുകളോ ഉപയോഗിക്കണം.
വേരോട്ടം സുഗമമാക്കുന്നതിന് ഇളകിയ മണ്ണുവേണം. ഇടയ്ക്ക് മണ്ണിളക്കണം. അടിവളത്തിനു പുറമേ, മൂന്നിലൊന്നുഭാഗം മണലും ചേര്‍ക്കണം. മണ്ണിലെ കൃഷിക്ക് ആഴ്ചയില്‍ രണ്ടുതവണയും കണ്ടെയ്നറിലാണെങ്കില് രണ്ടുദിവസത്തില്‍ ഒരുതവണയും നനയ്ക്കണം. നന കൂടാന്‍പാടില്ല.
മണ്ണിലാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും വളംചെയ്യണം. കണ്ടെയ്നറില്‍ രണ്ടുമാസത്തിലൊരിക്കലും പൊടിഞ്ഞവളങ്ങളും ജൈവസ്ലറിയുമാണ് നല്ലത്. പുതിയ ശിഖരങ്ങളുണ്ടാകാനും കൂടുതല്‍ പൂക്കാനും വര്‍ഷത്തില്‍ ഒരുതവണയെങ്കിലും കൊമ്പുകോതണം. ഇല തിന്നുന്നതും ചുരുട്ടുന്നതുമായ പുഴുക്കളുടെ ആക്രമണം തടയാന്‍ വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവകീടനാശിനികള്‍ പ്രയോഗിക്കാം. ഇല മഞ്ഞളിക്കുന്നതാണ് മറ്റൊരു പ്രശ്നം.
മഗ്നീഷ്യം സള്‍ഫേറ്റിന്റെ കുറവുമൂലമാണ് ഇതുണ്ടാവുന്നത്. ഒരുലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം എപ്സം സാള്‍ട്ട് ചേര്‍ത്തുതളിച്ചാല്‍ ഇതു മാറ്റാം. ഇലകളില്‍ കുത്തുണ്ടാകുന്നത് ഫംഗസ്ബാധമൂലമാണ്. ഏതെങ്കിലും ഫംഗിസൈഡ് രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ തളിച്ച് ഇതുമാറ്റാനാവും.
ചെടികൾക്ക് നല്ല കരുത്തും ആകാര ഭംഗിയും വരുത്താൻ ചെറിയ ചെടികളിൽ കൊമ്പു കോതാറുണ്ട്. എന്നാൽ കായ്ച്ചു തുടങ്ങിയാൽ ആവശ്യമില്ലാത്ത ചില കൊമ്പുകളും മറ്റും മാത്രം നീക്കം ചെയ്താൽ മതി. അധികമായി തിളിർത്തു വരുന്ന ഇളംകൊമ്പുകൾ വെട്ടി നീക്കുന്നത് നല്ലതാണ്. മൂന്നടി പൊക്കം വച്ചു കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് വളരാൻ അനുവദിക്കാതെ വശങ്ങളിലുള്ള ശാഖകൾ വളർന്ന് കുടയുടെ ആകൃതി ലഭിക്കത്തക്ക വിധം വെട്ടി രൂപപ്പെടുത്തണം.
സാധാരണ നാലാം വർഷം മുതൽ ഇവ കായ്ച് തുടങ്ങും. എന്നാൽ ഏഴാം വർഷം മുതലേ ശരിക്കുള്ള വിളവ് ലഭിച്ചു തുടങ്ങുകയുള്ളു. കായ്കൾ അതിന്റെ കൃത്യസമയത്ത് പറിച്ചെടുക്കാൻ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക