ദിനം പ്രതി സംസ്ഥാനത്ത് ചൂട് അധികരിച്ചു കൊണ്ടിരിക്കുകയാണ്. കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് മലയാളികൾ. കനത്ത ചൂടിൽ നിന്ന് ശരീരത്തിന് കുളിർമയേകുന്നതിനും വിശപ്പും ദാഹവും എല്ലാം ശമിപ്പിക്കുന്നതിനും വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ജ്യൂസ് പരീക്ഷിച്ചു നോക്കിയാലോ.
നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ ഉപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി ആദ്യം തന്നെ നല്ലതുപോലെ പഴുത്ത പപ്പായ കഴുകി വൃത്തിയാക്കിയതിനു ശേഷം തൊലിയും കുരുവും എല്ലാം കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് കഷ്ണങ്ങളാക്കി ഇട്ടുകൊടുക്കാം.
ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. ഒന്നോ രണ്ടോ ഏലക്ക കൂടി തൊലി കളഞ്ഞത് കൂടി ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാൽ ചേർത്ത് കൊടുക്കണം.
അല്പം തണുത്ത വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഒരു സെർവിങ് ഗ്ലാസിലേക്ക് ഒഴിച്ചു കൊടുക്കാം. രുചികരവും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പപ്പായ ജ്യൂസ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക