യുവ സംവിധായകൻ നിഖിൽ മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം ‘സ്വരം’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന “സ്വരം” പ്രമേയത്തിന്റെ പുതുമകൊണ്ടും പ്രതിപദാനത്തിന്റെ പൊലിമകൊണ്ടും ഏറെ ശ്രദ്ധേയമാണ്.
ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തിൽ വരുത്തുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ കുറിച്ചുമാണ് സ്വരം ചർച്ച ചെയ്യുന്നത്. ഉണ്ണി എന്ന ഗവേഷക വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രമാണ് സ്വരം. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയും സമർപ്പണത്തിന്റെയുമൊക്കെ കഥയാണ് ചിത്രം പറയുന്നത്.
എ.പി. നളിനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ. സനൽ കൃഷ്ണൻ, ഇആർ ഉണ്ണി, കവിതാ ബൈജു, മാളവികാനന്ദൻ, മായ ഉണ്ണിത്താൻ, അമേയ, നന്ദന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. ക്യാമറ – മോഹിത് ചെമ്പോട്ടിൽ എഡിറ്റിംഗ് – റജിനാസ് തിരുവമ്പാടി. സംഗീതം -എൽ. ശശികാന്ത്, ഹരികുമാർ ഹരേറാം. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ്”സ്വരം “നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക