സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചുവരുന്ന ചൂടിന് ഒരു ശമനവുമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടുത്ത ചൂട് ഉണ്ടാകും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ താപനില വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് താപനില വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്. സാധാരണ താപനിലയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കും എന്നാണ് മുന്നറിയിപ്പ്.
ഏപ്രിൽ അഞ്ചുവരെ പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇതുകൂടാതെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർദ്ധിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഏപ്രിൽ ഒന്നുമുതൽ ഏപ്രിൽ അഞ്ചുവരെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക