കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
മൂപ്പൈനാട് പഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ റോഡ് മാര്ഗമെത്തും. സിവില്സ്റ്റേഷന് പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും.വൈകുന്നേരം മടങ്ങിപ്പോകും
തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് രാഹുൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും എംഎൽഎയുമായ എപി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയും അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്ഷോയിൽ പങ്കെടുക്കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും.
രാഹുൽഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധനേടിയ വയനാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ മണ്ഡല ചിത്രം തെളിഞ്ഞു.ബി.ജെ.പിക്കെതിരെ മത്സരിക്കേണ്ടതിന് പകരം ഇൻഡ്യ മുന്നണിയുടെ ഏറ്റവും വലിയ നേതാവ് വയനാട്ടിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പരിധിവരെ കോൺഗ്രസിന് സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക