മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാത്തവരാരുമില്ല. ദൈനംദിന ഭക്ഷണക്രമത്തിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. ധാരാളം പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ ആസിഡുകളിൽ 8 എണ്ണം, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ അതിജീവന ഭക്ഷണം എന്നും വിളിക്കുന്നു.
കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധ സംഭരണിയാണ് മുരിങ്ങ. കൂടാതെ, മുരിങ്ങ മരത്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ സവിശേഷതയും ഉപയോഗപ്രദവുമായ ഗുണങ്ങൾ ഉള്ളതിനാൽ വിവിധ ആരോഗ്യപരമായ കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു.
ഈ മുരിങ്ങയില ജ്യൂസാക്കി കഴിച്ചാൽ ഗുണം കൂടുതലാണ്. ഈ സമയത്ത് ദാഹമകറ്റാൻ കൂടുതൽ ആളുകളും കുടിക്കാറുളളത് ജ്യൂസുകളാണ്. എന്നാൽ ജ്യൂസുകൾക്ക് കൂടുതൽ മധുരവും രുചിയും ലഭിക്കാൻ ചേർക്കുന്ന പഞ്ചസാരയും മറ്റുളള വസ്തുക്കളും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യണമെന്നില്ല. മുരിങ്ങയില ഉപയോഗിച്ച് രുചികരമായ ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടുതൽ ഗുണം ചെയ്യും.
അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുത്തതിന് ശേഷം അരിച്ചെടുത്ത് ജ്യൂസായി കുടിക്കാവുന്നതാണ്. ഇതിലേക്ക് നാരങ്ങാനീരും കൂടി ചേർത്താണ് കുടിക്കുന്നതെങ്കിൽ രോഗ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതാണ്. ദോഷകാരികളായ ടോക്സിനുകളെ നീക്കം ചെയ്യാൻ ഈ പാനീയത്തിന് കഴിവുണ്ട്. കൂടാതെ ചർമ കോശങ്ങൾക്ക് യൗവനം നല്കി ചർമ്മത്തെ തിളക്കത്തോടെയും രക്ത പ്രസാദത്തോടെയും നിലനിറുത്തുന്നു.
ഇതിലെ ആന്റിഓക്സിഡന്റുകൾ കരൾ, തലച്ചോർ എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു. ഫ്രീറാഡിക്കലുകളെ നിയന്ത്രിച്ച് മാരക രോഗങ്ങളെ തടയും. ധാരാളം പ്രോട്ടീനുകളുള്ളതിനാൽ മസിലുകൾക്ക് ഉറപ്പ് നൽകും. വെറുംവയറ്റിൽ ജ്യൂസ് കുടിയ്ക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ഇരുമ്പിന്റെ സമ്പന്നമായ കലവറയായതിനാൽ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് വിളർച്ച തടഞ്ഞ് ഉന്മേഷം പകരാൻ സഹായിക്കും. പ്രമേഹരോഗികൾ മുരിങ്ങയില ജ്യൂസ് വെറുംവയറ്റിൽ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറയ്ക്കും. വിശപ്പു കുറയ്ക്കുന്നതിനാൽ അമിതഭക്ഷണം തടഞ്ഞ് പൊണ്ണത്തടി ഒഴിവാക്കാം.
മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്ന് മോചനം നൽകുമെന്നും പറയപ്പെടുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനതയും മയക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കുന്നു, ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മെന്റ് മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക