ഐഎസ്എൽ മത്സരങ്ങളുടെ ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ ഇനി കിരീട പോരാട്ടമാണ് ബാക്കിയുള്ളത്. ഷീൽഡ് ജേതാക്കളായതോടെ പ്രാഥമിക ഘട്ടത്തിൽ ഒന്നാമതെത്തിയത് നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ്. രണ്ടാം സ്ഥാനം നേടി മുംബൈ സിറ്റിയാണ് തൊട്ടു പിന്നിലുള്ളത്.
22 കളിയിൽ 48 പോയിന്റ് നേടി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് സെമിയിലേക്ക് യോഗ്യത നേടിയപ്പോൾ 22 കളിയിൽ നിന്ന് 47 പോയിന്റുമായി മുംബൈ സിറ്റിയും സെമിയിലേക്ക് യോഗ്യത നേടി. വരുന്ന വെള്ളിയാഴ്ച നടക്കുന്ന ആദ്യ നോകൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും.
ആദ്യ നോകൗട്ട് മത്സരത്തിൽ വിജയികളാകുന്ന ടീം ഇരു പാദ മത്സരത്തിൽ മോഹൻ ബഗാനുമായി ഏറ്റുമുട്ടും. ശനിയാഴ്ച നടക്കുന്ന രണ്ടാം നോക്കൗട്ട് മത്സരത്തിൽ ചെന്നൈയിൻ എഫ് സി എഫ് സി ഗോവയെ നേരിടും. രണ്ടാം നോകൗട്ട് മത്സരത്തിൽ വിജയിക്കുന്ന ടീം സെമിയിൽ നേരിടുക മുംബൈ സിറ്റിയെയാണ്.
ആറ് ടീമുകൾക്ക് പ്ലേ ഓഫ് യോഗ്യത നൽകിയ ഇത്തവണത്തെ മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ നേരിട്ട് സെമിയിൽ എത്തുകയും ശേഷിക്കുന്ന നാല് ടീമുകൾ പ്ലേ ഓഫ് കളിക്കുകയും ജയിക്കുന്നവർ മുന്നേറുകയും തോൽക്കുന്നവർ പുറത്തു പോവുകയും ചെയ്യും. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും നാലാം സ്ഥാനത്തുള്ള ഒഡിഷയും തമ്മിലുള്ള ആദ്യ നോകൗട്ട് മത്സരം ഭുവനേശ്വറിൽ വച്ചാണ് നടക്കുക.
മുൻ ചാമ്പ്യന്മാരും നിലവിൽ മൂന്നാം സ്ഥാനക്കാരുമായ എഫ് സി ഗോവയും ആറാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള നോകൗട്ട് മത്സരം നടക്കുന്നത് ഗോവയിലാണ്. നോകൗട്ട് മത്സരത്തിൽ വിജയിച്ച് ബ്ലാസ്റ്റേഴ്സ് ആണ് സെമിയിൽ എത്തുന്നത് എങ്കിൽ 23ന് കൊച്ചിയിൽ വച്ച് മോഹൻ ബഗാനുമായി കളിക്കും.
28ന് കൊൽക്കത്തയിലാണ് രണ്ടാം പാദ മത്സരം നടക്കുക. 24 നും 29 നുമാണ് മുംബൈയുടെ സെമി മത്സരങ്ങൾ നടക്കുന്നത്. അതേ സമയം മെയ് നാലിന് നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിന്റെ വേദി എവിടെയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക