ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്നു രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ് നടത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ബന്ദ്. 12 മണിക്കൂർ അടിയന്തര രക്ഷാപ്രവർത്തനങ്ങളും ഗുരുതര രോഗികൾക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിർത്തിവയ്ക്കും.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഐഎംഎ സ്റ്റേറ്റ് സെക്രട്ടറി ഡോ. എൻ. സുൽഫി പത്രസമ്മേളനത്തിൽ അറിയിച്ചു. പണിമുടക്കുന്ന ഡോക്ടർമാർ ഇന്നു രാവിലെ 11 ന് രാജ്ഭവനിലേക്കു മാർച്ച് നടത്തും.
സംസ്ഥാനത്തു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെജിഎംഒഎ) സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡോക്ടർമാർ കെജിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും. രാവിലെ ഒൻപതു മുതൽ പത്തു വരെയാണ് ഒപി ബഹിഷ്കരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക