പ്രസവശേഷമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ വയറിലെ മസിലുകൾ അയയുമ്പോൾ നടുവേദനയുണ്ടാകാം. മസിൽ സ്ട്രെങ്തെനിങ് വ്യായാമങ്ങൾ ഇതിനു പരിഹാരമാണ്.
പ്രസവശേഷം കഴിയുന്നത്ര നേരത്തെ വ്യായാമം ചെയ്താൽ വയർ ചാടിയല്ലോ എന്നോർത്തു പിൽക്കാലത്തു വിലപിക്കേണ്ടി വരില്ല. സുഖപ്രസവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞും സിസേറിയന് ശേഷം ആറാഴ്ച കഴിഞ്ഞും ടോൺ അപ്പ് വ്യായാമങ്ങൾ ചെയ്തു തുടങ്ങാം.
കട്ടിലിലോ പായയിലോ മലർന്നു കിടന്ന് കാൽമുട്ട് മടക്കി പാദം നിലത്തുറപ്പിച്ചു വയ്ക്കുക. അതിനു ശേഷം ശ്വാസം പിടിച്ചു കൊണ്ട് വയർ ഉള്ളിലേക്ക് ചുരുക്കി നടുഭാഗം നിലത്തു മുട്ടിക്കാൻ ശ്രമിക്കുക. 10 സെക്കന്റ് ഇതേ നിലയിൽ തുടരുക. ഒന്ന് റിലാക്സ് ചെയ്തതിനു ശേഷം വീണ്ടും ആവർത്തിക്കുക. ഒരു ദിവസം 10 മുതൽ 30 പ്രാവശ്യം വരെ ഇത് ചെയ്യണം.
വെരിക്കോസ് വെയ്ൻ പ്രശ്നമാകാതിരിക്കാൻ രാത്രി ഉറങ്ങും മുമ്പ് ലഘുവായ വ്യായാമങ്ങൾ ചെയ്യാം. നിരപ്പായ പ്രതലത്തിൽ മലർന്നു കിടന്ന് കൊണ്ട് വലതുകാൽ ബോഡിലെവലിൽ നിന്ന് 30 ഡിഗ്രി ഉയർത്തുക. 10 സെക്കന്റ് ഹോൾഡ് ചെയ്യുക. വിശ്രമിച്ച ശേഷം ഇടതുകാലും ഇതുപോലെ ചെയ്യുക. ഇതുപോലെ രണ്ടുകാലുകളും മാറി മാറി 10 തവണ വീതം ആവർത്തിക്കുക.
എല്ലാ പേശികൾക്കും ഗുണകരമായ വ്യായാമമാണ് നീന്തൽ. മുട്ടുവേദനയോ അമിതവണ്ണമോ ഉള്ളവർക്കും നീന്തൽ എളുപ്പത്തിൽ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക