വിദേശയാത്ര പോകുന്പോൾ തന്റെ അനുവാദം വാങ്ങിയിരിക്കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുപോലെ തെരഞ്ഞെടുപ്പുകളിൽനിന്നും ഭരണത്തിൽനിന്നും ബന്ധുക്കളെ അകറ്റിനിർത്തണമെന്നു മോദി നിർദേശിച്ചു. കഴിഞ്ഞമാസം നടന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്.
അധികാരത്തിലെത്തിയാൽ ബന്ധുക്കൾ സഹായാഭ്യർത്ഥനയുമായി വരും. അവരെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരായ നമ്മളുടെ രാഷ്ട്രീയ ആക്രമണത്തിന്റെ പ്രഹരശേഷി കുറയും- മോദി പറഞ്ഞതായി ബിജെപി നേതാക്കൾ പറയുന്നു.
അതുപോലെ ഒൗദ്യോഗിക ആവശ്യങ്ങൾക്കല്ലാത്ത വിദേശയാത്ര പാടില്ല, മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പഴ്സനൽ സ്റ്റാഫിൽ ബന്ധുക്കൾ പാടില്ല, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്, മാധ്യമങ്ങളിൽനിന്ന് അകലം പാലിക്കണം എന്നിങ്ങനെ നിർദേശങ്ങളും മോദി പങ്കുവച്ചതായാണു റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക