തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് കോഴിവളര്‍ത്തല്‍. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് പരമ്പരാഗതമായി കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം പ്രത്യക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെങ്കിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും.
എഗ്ഗർ നഴ്സറികൾ
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സംരംഭമാണ് എഗ്ഗര്‍ നഴ്സറികള്‍. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടുമാസക്കാലം വളര്‍ത്തി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എഗ്ഗര്‍ നേഴ്സറികള്‍ ഒട്ടനവധിപേര്‍ക്ക് മുഴുവന്‍ സമയതൊഴില്‍ നല്കുന്ന പദ്ധതിയാണ്.
ഓരോ കുടുംബത്തിനും നിത്യവൃത്തി കഴിയുവാന്‍ എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കി അവര്‍ വളര്‍ത്തേണ്ട കോഴികളുടെ എണ്ണം തീരുമാനിക്കണം. കോഴികളുടെ എണ്ണം കൂടുംതോറും ആദായം വര്‍ധിക്കുന്നു. എന്നാല്‍ മുടക്കുമുതലിന്റെ തോത് ഗണ്യമായി കൂടുന്നുമില്ല. കുടുംബത്തിലുള്ളവര്‍ക്കുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപതൊഴിലായതു കൊണ്ട് കൂലിച്ചെലവിനും മറ്റും ഒരു പൈസപോലും വേണ്ടിവരുന്നില്ല എന്നതാണ്. കോഴിവളര്‍ത്തലിന്റെ സുപ്രധാനനേട്ടം. കേരള സംസ്ഥാന പൗൾട്ടറി ഡവലപ്മെന്റ് കോര്പ്പറേഷന്, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിവരുന്ന പല പദ്ധതികളും തൊഴില്‍ദായകമാണെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.
കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വിപണനം നിരവധിപേര്‍ക്ക് തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ രംഗത്തെതൊഴില്‍സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയേയുള്ളൂ. സ്വന്തം മുതല്‍ മുടക്കുപയോഗിച്ചും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായത്താലും കോഴിവളര്‍ത്തല്‍, പ്രത്യേകിച്ച് ഇറച്ചിക്കോഴിവളര്‍ത്തല്‍ ഒരു തൊഴില്‍മാര്‍ഗമായി സ്വീകരിക്കാവുന്നതാണ്.
ഗ്രോ ബാഗുകൾ ഉപയോഗിച്ച് അടുക്കള മാലിന്യങ്ങൾ എങ്ങനെ കമ്പോസ്റ്റ് ആക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക