ചുഞ്ചു നായർ എന്ന പേര് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ചുഞ്ചു നായർ എന്ന പൂച്ചയുടെ ഒന്നാം ചരമവാർഷികത്തെ പറ്റിയുള്ള പത്രപരസ്യം കണ്ടതോടെയാണ് ട്രോളന്മാർ ഇത് ഏറ്റെടുത്തത്. വെറുതെ ഒരു പൂച്ചയുടെ ചരമ വാർഷികമായതിനാലല്ല ട്രോളന്മാർ ഇത് ഏറ്റെടുത്തത്. ചുഞ്ചു എന്ന പൂച്ചയ്ക്കൊപ്പമുള്ള നായർ എന്ന വാലാണ് ട്രോളന്മാർ ഇപ്പോൾ ആഘോഷിക്കുന്നത്. മൃഗങ്ങൾക്ക് പോലും ജാതിയോ എന്ന തരത്തിലുള്ള ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. എന്നാലിപ്പോളിതാ ചുഞ്ചുവിന്റെ വളർത്തമ്മ തന്നെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുംബൈ സ്വദേശികളായ മലയാളികളാണ് ചുഞ്ചുവിന്റെ ഉടമസ്ഥർ. ഈ പരിഹാസമെല്ലാം അറിയുന്നുണ്ട്, ഒന്നിനോടും പ്രതികരിക്കാനില്ല. പൂച്ചയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ മനുഷ്യന്റെ കാര്യമോ? ഒന്നുമാത്രം പറയാം. അവള് ഞങ്ങള്‍ക്ക് മൃഗമായിരുന്നില്ല. മകള്‍തന്നെയായിരുന്നു; റിട്ടയേർഡ് കോളേജ് അദ്ധ്യാപിക കൂടിയായ ചുഞ്ചുവിന്റെ വളർത്തമ്മ പറയുന്നു.
ഒന്നോ രണ്ടോ ആഴ്ച പ്രായമുള്ളപ്പോഴാണ് അവള് ഞങ്ങളുടെ വീട്ടുപരിസരത്തെത്തിയത്. ശല്യമോര്ത്ത് ആദ്യം ശ്രദ്ധിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയില്ല. പാവംതോന്നി ഇടയ്ക്ക് പാലൊക്കെ കൊടുത്തു. പതിയെ അവള് കുടുംബത്തിലൊരാളായി. വെറ്ററിനറി ഡോക്ടറാണ് ‘ചുഞ്ചു’ എന്ന പേരിനൊപ്പം നായര്‍ ചേര്‍ത്തത്. അവള് ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതിനാല്‍ അത് മാറ്റിയില്ല. 18 വര്‍ഷം ഒപ്പമുണ്ടായിരുന്നു. ഏറെ പ്രത്യേകതകളുണ്ട് ചുഞ്ചുവിന്. ബഹളമില്ല. ഭക്ഷണത്തില്‍ തലയിടലും തട്ടിമറിക്കലുമില്ല. വീടിനകം വൃത്തികേടാക്കില്ല. രാത്രി കിടക്കുന്നതും ഞങ്ങള്‍ക്കൊപ്പമാണ്.
ഭക്ഷണത്തില്‍ ചെറിയ ഇഷ്ടങ്ങളുണ്ട്. അയലയും നെയ്മീനുമാണ് താത്പര്യം. അതിനായി ഞാന്‍ ആഴ്ചയില്‍ മൂന്നുദിവസം മാര്‍ക്കറ്റില്‍ പോകും. അവളെ തനിച്ചാക്കാന്‍ മടിച്ച് യാത്രകള്‍ കുറച്ചു. രണ്ടുപെണ്‍മക്കളുണ്ട് എനിക്ക്. മക്കൾക്കും മരുമക്കൾക്കും ചുഞ്ചുവിനെ ഏറെ ഇഷ്ടമാണ്.
2018 ജനുവരിയിലാണ് വയ്യായ്ക തുടങ്ങിയത്. 13-14 വര്‍ഷമാണത്രേ പൂച്ചകൾക്ക് ആയുസ്സ്. അവള് 18 വര്‍ഷം ജീവിച്ചു. പ്രായത്തിന്റെ അവശതകളോടെ മേയ് 26-നാണ് ഞങ്ങളെ വിട്ടുപിരിഞ്ഞത്. വെറ്ററിനറി ആശുപത്രിയിലെ വൈദ്യുതശ്മശാനത്തിലായിരുന്നു ശവസംസ്കാരം. കഴിഞ്ഞ ഒരുവര്‍ഷം ഞങ്ങള്‍ ആഘോഷമെല്ലാം ഒഴിവാക്കി.ഓണവും വിഷുവും ആഘോഷിച്ചില്ല. അവളെ ഓര്‍ക്കാത്ത ഒരുദിവസം പോലുമില്ല. അത്രയും പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ചരമവാര്‍ഷികത്തില്‍ പരസ്യം നല്‍കിയത് – ചുഞ്ചുവിന്റെ വളർത്തമ്മയുടെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക