ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. എന്നാൽ ലോക്സഭാ കക്ഷി നേതാവ് ആരെന്നാണ് ഇനി തീരുമാനിക്കേണ്ടത്. അതിന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്റിലാണ് യോഗം ചെയുന്നത്. രാഹുൽ ഗാന്ധിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ലോക്സഭാ നേതൃപദവി ഏറ്റെടുക്കാമെന്നാണ് രാഹുൽ മറുപടി നല്‍കിയത്.
രാഹുൽ ഗാന്ധി രാജിയിൽ ഉറച്ചുനിൽക്കുകയാണെങ്കിലും രാഷ്ട്രീയ നീക്കങ്ങളിൽ രാഹുൽ ഗാന്ധി സജീവമാണ്. രണ്ടാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ തന്നെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ചകൾ നടത്തുന്നുണ്ട്. ശരദ് പവാറിന്റെ ദില്ലിയിലെ വീട്ടിലെത്തി അദ്ദേഹം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് എൻസിപി കോൺഗ്രസ് ലയനം ഉണ്ടാകും എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നെങ്കിലും എൻസിപി വക്താവ് നവാബ് മാലിക് ഇത് തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക