മൂന്നാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള നവംബർ 10,11 തീയതികളിൽ കണ്ണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ ,തോട്ടടയിൽ വച്ച് നടക്കും. സംസ്ഥാനത്തെ എല്ലാ ഗവ. ഐ എച്ച് ആർ ഡി, ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നുള്ള ശാസ്ത്ര പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും.
സ്റ്റീൽ മോഡൽ,വർക്കിംഗ് മോഡൽ, തത്സമയ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും. ഞായറാഴ്ച 11 മണിമുതൽ തിങ്കളാഴ്ച 5 മണിവരെ എല്ലാ ടെക്നിക്കൽ ഹൈസ്കൂളുകളുടെയും എക്സിബിഷൻ സ്റ്റാളുകൾ പ്രവർത്തിക്കും. പൊതുജനങ്ങൾക്കും പ്രദർശനം കാണാം.
മേള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനാകും. വിവിധ ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം കെ.കെ. രാകേഷ് എം.പി ഉദ്ഘാടനം ചെയ്യും.
അതേസമയം, ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്രമേളകളില് ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ ഐ എച്ച് ആര് ഡിക്ക് കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളെക്കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനം.
നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ നടക്കുന്ന ശാസ്ത്രോത്സവത്തില്‍ ഐ ടി ഐകളിലെയും മറ്റും വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നത്.
എന്നാല്‍ പുതിയ തീരുമാനത്തിലൂടെ ഇത്തവണ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ കണ്ണൂരില്‍ നടക്കുന്ന അഖിലകേരള ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്രസാങ്കേതിക മേളയില്‍ ഐ എച്ച് ആര് ഡിക്ക് കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി പങ്കെടുക്കാം.
ഇതുവരെ ഐ എച്ച് ആര് ഡിക്ക് കീഴിലുള്ള ടി എച്ച് എസ് എസുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകാര്‍ക്ക് ശാസ്ത്രോത്സവത്തില്‍ മത്സരിക്കാന്‍ വേദിയുണ്ടായിരുന്നില്ല.
മലപ്പുറം വട്ടംകുളം ഐ എച്ച് ആര് ഡി ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി ടി എ കമ്മിറ്റി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി.
കണ്ണൂരില്‍ നടക്കുന്ന മേളയില്‍ ഐ എച്ച് ആര് ഡിക്ക് കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളെക്കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു പി ടി എയുടെ അഭ്യര്‍ഥന. ഇത് പരിശോധിച്ച സാങ്കേതിക വിദ്യാഭ്യാസവകുപ്പ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഇവര്‍ക്കും അനുവാദംനല്കി ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക