തിരുവനന്തപുരം: കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ ദൃശ്യമാകും. രാവിലെ 8ന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. വടക്കന്‍ ജില്ലകളില്‍ പൂര്‍ണമായും മറ്റിടങ്ങളില്‍ ഭാഗികവുമായിരിക്കും. ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുമ്പോള്‍ മോതിര വലയം പോലെ സൂര്യന് ദൃശ്യമാകുന്നതാണ് എട്ടുമുതല്‍ 11 വരെയുള്ള ഈ ആകാശപ്രതിഭാസം. പ്രപഞ്ചത്തിലെ അപൂര്‍വ കാഴ്ചകളിലൊന്നായ വലയ സൂര്യഗ്രഹണം വീക്ഷിക്കുവാന്‍ വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം – പ്ലാനറ്റേറിയം ഡയറക്ടര്‍ അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വലയ ഗ്രഹണം നന്നായി കാണാവുന്നത്. 60 മുതല്‍ 100 വരെ ശതമാനം ഗ്രഹണം ദൃശ്യമാകും. വ്യാഴാഴ്ച രാവിലെ ഈ ജില്ലകളില്‍ ആകാശം മേഘാവൃതമാകാന്‍ 65 ശതമാനം സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഗ്രഹണം ഭാഗികമായി കാണാം. ഇവിടങ്ങളില്‍ ആകാശം മേഘാവൃതമാകാന്‍ 33 ശതമാനം സാധ്യതയുണ്ട്.
വലയ സൂര്യഗ്രഹണം സമ്പൂര്‍ണമായി ദൃശ്യമാകുന്നതു കോഴിക്കോട് ജില്ലയിലാണ്. പുറമേരി നാദാപുരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10,000 പേര്‍ക്കു സൂര്യഗ്രഹണം വീക്ഷിക്കാന്‍ സൗകര്യമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തും ചാലക്കുടി പനമ്പിള്ളി സ്മാരക കോളജ് മൈതാനത്തും ഗ്രഹണം കാണാം.
നഗ്നനേത്രങ്ങള്‍ കൊണ്ടു സൂര്യഗ്രഹണം കാണരുത്. ഗ്രഹണ സമയം സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകള്‍ക്ക് അതീവ ഹാനികരമാണ് . ടെലിസ്കോപ്, ബൈനോകുലര്‍, എക്സ്റേ ഫിലിം എന്നിവ ഉപയോഗിച്ചും നോക്കരുത്. ശാസ്ത്ര സാങ്കേതിക മ്യൂസിയം ഒരുക്കുന്ന 4 കേന്ദ്രങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ സുരക്ഷിത ഉപകരണങ്ങള്‍ ഉണ്ട് . ഈ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ടെലിസ്കോപ്, പ്രൊജക്ഷന് ഉപകരണങ്ങള്‍, സോളര്‍ ഫില്‍റ്റര്‍, സോളര്‍ കണ്ണട, പിന്‍ഹോള്‍ ക്യാമറ, വെല്‍ഡിങ് കണ്ണടകള്‍ എന്നിവ തയാറാക്കിയതു സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ്. ഇത്തരം ഉപകരണങ്ങള്‍ സ്വന്തമായുള്ളവര്‍ അതുപയോഗിച്ചു ഗ്രഹണം കാണുന്നതും കാഴ്ചയ്ക്ക് തകരാറുണ്ടാക്കും. മേല്പറഞ്ഞ കേന്ദ്രങ്ങളില്‍ സൗജന്യമായും സുരക്ഷിതമായും ഗ്രഹണം കാണാം. ഗ്രഹണസമയം ആഹാരം കഴിക്കുന്നതില്‍ കുഴപ്പമില്ല.
ചന്ദ്രന് സൂര്യനും ഭൂമിക്കുമിടയില്‍ വരുമ്പോഴാണു സൂര്യഗ്രഹണം സംഭവിക്കുക. ഇത് അമാവാസി നാളുകളിലാണ്. ചന്ദ്രന് ഭൂമിയെ ചുറ്റുന്നത് പൂര്ണവൃത്തപഥത്തിലല്ല. ഒരു ദീര്ഘവൃത്തപാതയിലാണ്. ഈ ദീര്ഘവൃത്തത്തില് ചന്ദ്രന് ഭൂമിയില്‍ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദിവസമാണു ഗ്രഹണമെങ്കില്‍ അതു വലയ ഗ്രഹണമാകും. അപ്പോള്‍ ചന്ദ്രബിംബം സൂര്യഗോളത്തെ മുഴുവന്‍ മറയ്ക്കാതെ ഒരു വലയം പോലെ സൂര്യപ്രകാശം കാണും. ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തിരിക്കുന്ന ദിവസമാണു ഗ്രഹണമെങ്കില്‍ സൂര്യഗോളത്തെ മുഴുവന്‍ ചന്ദ്രബിംബം മറച്ച് പൂര്‍ണഗ്രഹണം സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക