ന്യൂഡല്‍ഹി: കോവിഡ് 19 യെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള പാര്‍ട്ടി നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡല്‍ഹിയിലാണ് 200ലധികം ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്നത്. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിതരണം ചെയ്തു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് കൊറോണ വൈറസിന്റെ കാരിക്കേച്ചറിനു സമീപം സ്പൂണില്‍ ഗോമൂത്രം നിറച്ചു ചിത്രങ്ങള്‍ക്കു പോസ് ചെയ്തു. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി.
ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗോ മൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കിയതായാണ് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്. 200ഓളം പേര് ഗോമൂത്ര സത്കാരത്തില്‍ പങ്കെടുത്തുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെറിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന നിലയിലുള്ള ചിത്രങ്ങളും ചക്രപാണി മഹാരാജ് പുറത്ത് വിട്ടിട്ടുണ്ട്.
ഞങ്ങള്‍ 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തില്‍ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല. – പരിപാടിയില്‍ പങ്കെടുത്ത ഓം പ്രകാശ് എന്നയാള്‍ പറഞ്ഞു. ഗോമൂത്രത്തിനു ചാണകത്തിനും കോവിഡ്-19നെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് ഈ മാസമാദ്യം പറഞ്ഞിരുന്നു. ലോകത്താകെ 121 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളം ആളുകള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന് വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍. ഇതിനിടയിലാണ് ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയുമായി രംഗത്തെത്തുന്നത്.
കൂടാതെ, ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ചും കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് നേരിടാമെന്നുമുള്ള വിവരം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഇത്തരത്തിലുള്ള സത്കാര പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കുമെന്നും ചക്രപാണി മഹാരാജ് പറയുന്നു. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജ് അവകാശപ്പെട്ടത്.
Next Stage of Covid-19 is Cowid-2020. pic.twitter.com/Af9SiyHOex
— History of India (@RealHistoryPic) March 14, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക