തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റോടു കൂടി സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് രോഗമെന്നും ഓരോ അഴിമതിയുടെയും പ്രഭവകേന്ദ്രം ഏതാണെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും കൂടാതെ അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താല്‍ മാത്രമേ വസ്തുതകള്‍ പുറത്തുവരികയുളളൂവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രിയായി ഇനിയും കടിച്ചുതൂങ്ങാതെ അധികാരത്തില്‍ നിന്ന് രാജിവച്ച് ഒഴിയണം. രാജിവച്ച് മുഖ്യമന്ത്രി നിയമത്തിന് കീഴടങ്ങണമെന്നും ഈ അറസ്റ്റോട് കൂടി പ്രതിപക്ഷം കേരളത്തില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അപമാനിതനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്തു കൊടുത്തത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുളളത് എം.എല്‍.എമാര്‍ക്ക് പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ എല്ലാ കളളക്കടത്തുകാരും അവിടെ കയറിയിറങ്ങിയെന്നും ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക